കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ സി വേണുഗോപാലിന് എന്‍ എസ് എസ് ആസ്ഥാനത്ത് പ്രവേശനമില്ല. കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള വേണുഗോപാലിന്‍റെ ആഗ്രഹത്തിന് എന്‍ എസ് എസ് നേതൃത്വം അനുമതി നല്‍കിയില്ല.
“വേണുഗോപാല്‍ എന്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല” എന്നാണ് എന്‍ എസ് എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചത്. നായര്‍ സമുദായാംഗമായ വേണുഗോപാലിനെ മന്ത്രിയാക്കിയതിലൂടെ കോണ്‍ഗ്രസിനോട് എന്‍ എസ് എസിനുള്ള അതൃപ്തി കുറയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടിയത്. എന്നാല്‍ ഒരു നായരെ മന്ത്രിയാക്കിയാക്കിയാല്‍ തീരുന്നതല്ല എന്‍ എസ് എസിന്‍റെ പ്രശ്നങ്ങളെന്നാണ് സമുദായ നേതാക്കളുടെ നിലപാട്.
“കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ എന്‍ എസ് എസ് മുന്നോട്ടുവച്ചിരുന്നു. രാഷ്ട്രീയവും സംവരണവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ എന്‍ എസ് എസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പാകാതെ തുടരുകയാണ്. വേണുഗോപാലിനെ മന്ത്രിയാക്കിയാല്‍ തീരുന്നതല്ല എന്‍ എസ് എസിന്‍റെ പ്രശ്നങ്ങള്‍” - ഒരു ടി വി ചാനലിനോട് പ്രതികരിക്കവേ സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കെ വി തോമസ് ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരോടും എന്‍ എസ് എസ് മുമ്പ് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. രമേശ് ചെന്നിത്തല നേരിട്ടിടപെട്ടിട്ടും എന്‍ എസ് എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍, വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ നായര്‍ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കാന്‍ എ കെ ആന്‍റണി നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.