കേരളത്തിന് സന്തോഷിക്കാന്‍ വക നല്കുന്ന ചില പ്രഖ്യാപനങ്ങളാണ് 2008-2009 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ നടത്തിയത്.
കേരളം ആവശ്യപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന പല പ്രതിസന്ധികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ബജറ്റ്. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സഹായം ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. തെങ്ങ്, കുരുമുളക് എന്നിവയുടെ വികസനത്തിനായും തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനായും ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
തേയില തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായി ഒരു പ്രത്യേക ഫണ്ട് കഴിഞ്ഞ ബജറ്റില്‍ ചിദംബരം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് 40 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പുതിയ മേഖലകളിലേക്ക് ഈ ഫണ്ട് വിപുലീകരിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ട്. ഏലം മേഖലയ്ക്ക് 10.68 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.