പൊലീസിനെതിരെ പി ജയരാജന്‍ നിയമനടപടിക്ക്

കണ്ണൂര്‍| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (16:16 IST)
PRO
PRO
അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പൊലീസിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നിയമനടപടിക്ക്. ജില്ലാ പൊലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ ടൗണ്‍ ഡിവൈ എസ് പി പി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി ഐ യു പ്രേമന്‍ എന്നിവര്‍ക്കെതിരെ അദ്ദേഹം ഹര്‍ജി ഫയല്‍ ചെയ്യും. തലശേരി ജില്ലാ കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്.

കേസിലെ സാക്ഷികളായ പി പി അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ മൊഴിമാറ്റിയ സാഹചര്യത്തിലാണ് സി പി എം ജില്ലാ നേതൃത്വം നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പി ജയരാജനും ടി വി രാജേഷും ആശുപത്രിയില്‍ ഗൂഢാലോചന നടത്തുന്നത് കണ്ടു എന്നായിരുന്നു ഇവരുടെ മൊഴിയായി പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ അറിയാതെയാണ് പൊലീസ് കേസില്‍ സാക്ഷികളാക്കിയതെന്നുമാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.

തളിപ്പറമ്പ്‌ അരിയിലില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെയും പി ജയരാജേയും പ്രതി ചേര്‍ത്തിരിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :