പിജെ ജോസഫിനെ അനുകൂലിച്ച് പിസി ജോര്‍ജ്‌; ‘ജോസഫ് എന്റെ നേതാവ്’

കോട്ടയം| WEBDUNIA|
PRO
PRO
പിജെ ജോസഫിനെ അനുകൂലിച്ചു കൊണ്ട്‌ പിസി ജോര്‍ജ്‌ രംഗത്ത്‌ .ജോസഫ് എന്റെ നേതാവാണെന്ന് പിസി ജോര്‍ജിന്റെ പ്രതികരണം. പിസി ജോര്‍ജിനെതിരേ പിജെ ജോസഫ്‌ വിഭാഗം ശക്‌തമായി രംഗത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു മാധ്യമങ്ങള്‍ക്ക്‌ മുന്നിലെ ഈ പ്രകടനം.

അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പി ജെ ജോസഫ്‌ വ്യക്‌തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു. പി ജെ ജോസഫ്‌ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ആയിരുന്നു പി സി ജോര്‍ജ് എത്തിയത്‌.

പാര്‍ട്ടിയുടെ ഉന്നതതല യോഗത്തില്‍ പിസി ജോര്‍ജിനെതിരേ ശക്‌തമായ നിലപാട്‌ എടുക്കാനാണ്‌ ജോസഫ്‌ വിഭാഗം ഒരുങ്ങിയിരിക്കുന്നത്‌. പിസി ജോര്‍ജില്‍ നിന്നും ചീഫ്‌ വിപ്പ്‌, പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ എടുത്തുമാറ്റാനും യുഡിഎഫ്‌ യോഗത്തില്‍ നിന്നും വിലക്കണമെന്നുമാണ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ ആവശ്യം.

എന്നാല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം പിസി ജോര്‍ജിനെ പിന്തുണയ്‌ക്കുന്നതിനാല്‍ പാര്‍ട്ടി ചെയര്‍മാന്‌ കടുത്ത നടപടിയും സാധ്യമാകുന്നില്ല. കാര്യങ്ങള്‍ പാര്‍ട്ടി ചെയര്‍മാന്‍ തീരുമാനിക്കുമെന്ന്‌ നേരത്തേ ഫ്രാന്‍സിസ്‌ ജോര്‍ജും വ്യക്‌തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :