അമേരിക്കയില്‍ മലയാളി യുവതി കൊലപാതക കേസില്‍ അറസ്റ്റില്‍. പാക് വംശജയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 16ന് രാത്രി ബൂന്‍ടൂണില്‍ വച്ചാണ് പാകിസ്ഥാന് സ്വദേശിയായ നാസിഷ് നൂറാനി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് കാഷിഫ് പര്‍വേശും കാമുകിയായ മലയാളി യുവതി അന്റോയ്നെറ്റ് സ്റ്റീഫനും ചേര്‍ന്ന് ഗൂഢാലോചന നടത്തി കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.
വിശദമായ ചോദ്യം ചെയ്യലിലാണ് പര്‍വേശ് കുറ്റം സമ്മതിച്ചത്. തന്റെ നിര്‍ദേശപ്രകാരമാണ് നൂറാനിയെ അന്റോയ്നെറ്റ് കൊലപ്പെടുത്തിയതെന്ന് പര്‍വേശ് സമ്മതിച്ചു. കാഷിഫ് പര്‍വേശും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ബൂന്‍ടൂണില്‍ ഭര്‍ത്താവും മകനുമായി ഒപ്പം നടന്നുപോകുമ്പോള്‍ നൂറാനി വെടിയേറ്റ് മരിക്കുകയായിരുന്നു. പര്‍വേശിനും വെടിവയ്പില്‍ പരിക്കേറ്റു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേശിന്റെ മൊഴികളിലെ വൈരുധ്യം സംശയം ജനിപ്പിക്കുകയായിരുന്നു.
ഒരു വെള്ളക്കാരനാണ് തങ്ങളെ ആക്രമിച്ചതെന്ന് ആദ്യം പറഞ്ഞ പര്‍വേശ് പിന്നീട് കറുത്തവര്‍ഗക്കാരനാണ് വെടിയുതിര്‍ത്തതെന്ന് മാറ്റിപ്പറഞ്ഞു. ഈ വൈരുധ്യമാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്കും അറസ്റ്റിലേക്കും നയിച്ചത്.