പദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയത് രാജകൊട്ടാരത്തിന്റെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം| Harikrishnan| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (11:59 IST)
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയത് രാജകൊട്ടാരത്തിന്റെ അറിവോടെയെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ അറയില്‍നിന്ന് തിരുവാഭരണങ്ങളും ആട്ടവിളക്കുകളും കടത്തിയത് രാജകൊട്ടാരത്തിന്റെ അറിവോടെയാണെന്നും ക്ഷേത്ര ജീവനക്കാരന്‍ പദ്മനാഭ ദാസന്‍ സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. 2007 സെപ്തംബറില്‍ തിരുവാഭരണങ്ങളും നവംബറില്‍ വലിയ ആട്ടവിളക്കുകളും കടത്തിയത് നേരിട്ട് കണ്ടതായി പദ്മനാഭ ദാസന്‍ പറഞ്ഞു.

തഞ്ചാവൂരിലെ ജ്വല്ലറി ഉടമ മണലില്‍ കലര്‍ത്തി സ്വര്‍ണം കടത്തുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. സംഭവം പുറത്ത് പറയാതിരിക്കാന്‍ ലക്ഷങ്ങള്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ വാഗ്ദാനം ചെയ്തു. പരാതിപ്പെട്ടതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ പദ്മനാഭദാസന്‍ അടുത്തിടെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത് .

എന്നാല്‍, ആക്രമണ കേസ് അട്ടിമറിക്കപ്പെട്ടു. കേസ് അട്ടിമറിച്ചതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായി. ആറ് വര്‍ഷത്തിന് ശേഷമാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തിന് ശേഷം സസ്പെന്‍ഷനിലായിരുന്ന തന്നെ കോടതി നിര്‍ദ്ദേശപ്രകാരം ജോലിയില്‍ തിരിച്ചെടുത്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ക്ഷേത്രം ഭാരവാഹികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും പദ്മനാഭദാസന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :