തിരുവനന്തപുരം|
Last Updated:
വെള്ളി, 27 നവംബര്‍ 2015 (17:43 IST)
പച്ചക്കറി
വില ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ പത്തിനം പച്ചക്കറികള്‍ക്ക് മുപ്പത് ശതമാനം വിലക്കിഴിവ് നല്കി സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നു. സപ്ലൈകോയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സംസ്ഥാനത്തെ അഞ്ഞൂറ് വിപണന കേന്ദ്രങ്ങളില്‍ നിന്നും പത്തിനം പച്ചക്കറികള്‍ വിപണി വിലയിലും മുപ്പത് ശതമാനം കുറവ് വിലയിലാണ് വില്‍ക്കുന്നത്. വിലക്കുറവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിലനിയന്ത്രണത്തിനായുള്ള യോഗത്തിനുശേഷം കൃഷിമന്ത്രി കെ പി മോഹനന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കാലാവസ്ഥാമാറ്റവും പച്ചക്കറിയുടെ ഉപഭോഗം കൂടിയതുമാണ് വിലകൂടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.
വിപണിവില പിടിച്ചുനിര്‍ത്തുന്നതിനായി അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അമര, പാവയ്ക്ക, പയര്‍, പടവലങ്ങ, വലിയമുളക്, വെള്ളരിക്ക, തക്കാളി, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് വിലകുറച്ച് വില്‍ക്കുന്നത്. ഡിസംബര്‍ 15ന് വിലക്കയറ്റം വീണ്ടും അവലോകനം ചെയ്യുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.
കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറിക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. തീവണ്ടികളിലെ പാന്‍ട്രിയിലും കേരളത്തിലെ പച്ചക്കറി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.