കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 16 ജൂലൈ 2017 (12:28 IST)
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താൻ താരത്തിന് നോട്ടീസ് നൽകിയതായാണ് വിവരം. ക്രിമിനൽ ചട്ടം 160 അനുസരിച്ചാണ് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ തനിക്ക് പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്ന നിലപാടാണ് കാവ്യ മുന്നോട്ട് വച്ചത്.
ഇതിനുമുമ്പ് ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് അന്വേഷണസംഘം കാവ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ സമയത്തും കാവ്യ ഹാജരായിരുന്നില്ല. ഇതിനിടെ രഹസ്യകേന്ദ്രത്തിൽ താരത്തിന്റെ മൊഴിയെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്ക് മാധ്യമങ്ങളുടെ മുന്നിൽ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വേണമെങ്കിൽ തന്റെ മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു.
തുടർന്ന് കാവ്യ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. ക്രിമിനൽചട്ട മനുസരിച്ച് സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയേ ഇത്തരത്തിൽ മൊഴിയെടുക്കാൻ പാടുള്ളൂ. ഇത്തരത്തിൽ ഉടൻ തന്നെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.