കൊച്ചി|
സജിത്ത്|
Last Updated:
ഞായര്‍, 16 ജൂലൈ 2017 (11:05 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്. നമ്മൾ രണ്ടുപേരുമല്ലാതെ മറ്റൊരാള്‍ ഇതറിയരുതെന്ന് പ്രത്യേകം നിർദേശിച്ചായിരുന്നു പൾസർ സുനിയെ ദിലീപ് ക്വട്ടേഷൻ ഏൽപിച്ചത്. ക്വട്ടേഷൻ ടീമിലുള്ള മറ്റംഗങ്ങളെല്ലാം മികച്ചവരാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 2012ൽ സുനി മറ്റൊരു പ്രമുഖ നടിയെയും സമാനരീതിയിൽ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സുനിയെ കൃത്യം ഏൽപിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ ഉറപ്പിക്കല്‍,
അഡ്വാൻസ് നൽകല് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ദിലീപ് നേരിട്ടാണ് നടത്തിയത്. ക്വട്ടേഷൻ ഏൽപിച്ചത് താനാണെന്ന് സംഘത്തിലെ മറ്റംഗങ്ങൾപോലും അറിയരുതെന്നും ദിലീപ് പ്രത്യേകം നിഷ്കർഷിച്ചു. മുൻപരിചയമുള്ളവരെ തെരഞ്ഞെടുത്ത് സംഘത്തിൽ ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ ക്വട്ടേഷൻ നടപ്പാക്കാനായിരുന്നു ദിലീപിന്റെ നിർദേശം. താനുമായി നേരിട്ട് ഫോണിൽ സംസാരിക്കുന്നതിൽനിന്ന്അദ്ദേഹം സുനിയെ കർശനമായി വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
അതുകൊണ്ട് മാത്രമായിരുന്നു പള്‍സര്‍ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി ബന്ധപ്പെട്ടത്. എന്നാൽ, ഈ സമയത്തെല്ലാം അപ്പുണ്ണിയുടെ സമീപം ദിലീപും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തങ്ങൾ തമ്മിലെ ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇല്ലാതിരിക്കാനും ദിലീപും സുനിയും ശ്രദ്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. പദ്ധതി പാളിയാൽ എല്ലാവരും കുടുങ്ങുമെന്നായിരുന്നു ക്വട്ടേഷൻ സംഘത്തിന് ദിലീപ് നല്കിയ മുന്നറിയിപ്പെന്നും അന്വേഷണസംഘം വ്യക്തമാക്കി.