സംസ്ഥാനത്ത് നഗരസഭകളില്‍ ബി ജെ പിക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം മധ്യകേരളത്തിലെ മൂന്നു നഗരസഭകളില്‍ ഏതെങ്കിലും മുന്നണികള്‍ ഭരിക്കണമെങ്കില്‍ ബി ജെ പിയുടെ പിന്തുണയോടെ മാത്രമേ അത് സാധ്യമാകൂ.
എറണാകുളത്തെ ഏലൂര്‍, തൃശൂര്‍ ജില്ലയിലെ കുന്നംകുളം, ആലപ്പുഴ ജില്ലയിലെ മാവേലിക്കര നഗരസഭകളിലാണ് ബി ജെ പി വന്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഏലൂരില്‍ ബി ജെ പി മൂന്നു സീറ്റു നേടി. മാവേലിക്കരയിലും കുന്നംകുളത്തും രണ്ടു സീറ്റുകള്‍ വീതമാണ് ബി ജെ പി സ്വന്തമാക്കിയത്. ഏതു മുന്നണി ഭരിക്കണമെങ്കിലും ഈ മൂന്നിടത്തും ബി ജെ പിയുടെ പിന്തുണ ആവശ്യമാണ്.
കാസര്‍കോട് ജില്ലയിലെ കാസര്‍കോട് നഗരസഭയില്‍ ബി ജെ പി അഞ്ചു സീറ്റു സ്വന്തമാക്കിയപ്പോള്‍ കാഞ്ഞങ്ങാട് 11 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. മലപ്പുറത്തെ കോട്ടയ്ക്കലില്‍ ബി ജെ പിയ്ക്ക് രണ്ടു സീറ്റുണ്ട്.
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയില്‍ 13 സീറ്റുകളാണ് ബി ജെ പി നേടിയത്. ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും മൂന്നു സീറ്റുകള്‍ വീതമുണ്ട്. തൃശൂരിലെ കൊടുങ്ങല്ലൂരില്‍ അഞ്ച് സീറ്റുകളില്‍ ബി ജെ പി മുന്നിലെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലും ഓരോ സീറ്റുവീതം നേടി.
എറണാകുളത്ത് ഏലൂരിലെ മുന്നേറ്റത്തിനു പുറമേ പെരുന്നയില്‍ ഒരു സീറ്റ് ബി ജെ പി നേടി. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയില്‍ രണ്ടു സീറ്റുകളിലാണ് ബി ജെ പി മുന്നിലെത്തിയത്. കോട്ടയത്ത് ഒരു സീറ്റു നേടിയ ബി ജെ പി ആലപ്പുഴയിലെ കായംകുളത്ത് രണ്ടും ചെങ്ങന്നൂരില്‍ ഒന്നും സീറ്റും നേടി.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭയില്‍ രണ്ടു സീറ്റ് ബി ജെ പി സ്വന്തമാക്കിയപ്പോള്‍ തിരുവല്ലയില്‍ നാലു സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. കൊല്ലത്ത് പരവൂര്‍ നഗരസഭയില്‍ ബി ജെ പി ഒരു സീറ്റ് സ്വന്തമാക്കി. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ ഒരു സീറ്റിലും നെടുമങ്ങാട് നഗരസഭയില്‍ രണ്ടു സീറ്റുകളിലും ബി ജെ പി വിജയിച്ചു.