ദേവപ്രശ്നം കോടതി കയറുമ്പോള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിനെക്കുറിച്ചുള്ള ദേവഹിതം സുപ്രീംകോടതിയെ അറിയിക്കാന്‍ രാജകുടുംബം ഒരുങ്ങുന്നു. സമ്പത്തിന്റെ മൂല്യനിര്‍ണയം നടത്തരുത് എന്നാണ് ദേവപ്രശ്നത്തില്‍ കണ്ടത്. ഇത് തന്നെയാണ് രാജകുടുംബത്തിന്റെയും നിലപാട്. അതേസമയം സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതി ഓഗസ്റ്റ് 22-ന്‌ യോഗം ചേരുന്നുണ്ട്. മൂല്യനിര്‍ണയവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സമിതിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

നാല് ദിവസം നീണ്ടുനിന്ന ദേവപ്രശ്‌നത്തിന്റെ വിധിച്ചാര്‍ത്ത്‌ ക്ഷേത്രതന്ത്രിയുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വിശദമായി ചര്‍ച്ചചെയ്തു. ക്ഷേത്രം ഭാരവാഹികളുമായും ആശയവിനിമയം നടന്നു. ഇതിന് ശേഷമാണ് രാജകുടുംബം സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. 'ബി നിലവറ തുറക്കരുതെന്ന് മാത്രമല്ല മുമ്പ് തുറന്ന അറകളിലെ സമ്പത്തിന്റെ ഇനം തിരിച്ചുള്ള മൂല്യനിര്‍ണയം, വീഡിയോ ചിത്രീകരണം, പ്രദര്‍ശനം എന്നിവ സംബന്ധിച്ചും ദേവന് അതൃപ്‌തിയുള്ളതായി ദേവപ്രശ്നത്തില്‍ കണ്ടിരുന്നു. ക്ഷേത്രത്തിലെ 'ബി’ അറ തുറക്കാന്‍ ശ്രമിക്കുന്നവരുടെ വംശം മുടിയുമെന്നും ദേവന് മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അവകാശമുള്ളൂ എന്നുമായിരുന്നു കണ്ടെത്തല്‍. ശ്രീചക്രപ്രതിഷ്‌ഠപോലുള്ള കാര്യങ്ങള്‍ ക്ഷേത്രനിലവറകള്‍ക്ക്‌ അടിയിലുണ്ട്‌. അതിന് സ്ഥാനചലനം സംഭവിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഇതിന്റെ ദോഷം ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങില്ല. രാജ്യത്തിന് തന്നെ അത് ഭീഷണിയാവുമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. പ്രശ്നവിധിപ്രകാരമുള്ള ദോഷപരിഹാര ക്രിയകള്‍ക്ക് ക്ഷേത്രത്തില്‍ തുടക്കമാവുകയും ചെയ്തു.

ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് നിലവറകള്‍ തുറക്കാന്‍ ശ്രമം നടന്നാല്‍ അത് തടയുമെന്ന് ശിവസേന അടക്കമുളള ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അത് ക്രമസമാധാനപ്രശ്നമായി കാണാനാണ് മൂല്യനിര്‍ണയ സമിതി ആലോചിക്കുന്നത്. എന്നാല്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടരുത് എന്ന നിലപാടാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചരിത്രവും വിശ്വാസവും കോടതിയില്‍ ഏറ്റുമുട്ടുമ്പോള്‍ അന്തിമവിധി എന്തായിരിക്കും എന്നതാണ് കൌതുകകരമായ കാര്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :