തൃശൂര്‍|
JOYS JOY|
Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (09:52 IST)
പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ പതിനൊന്നരയ്ക്ക് കൊടിയേറ്റം ആരംഭിക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടി ഉയര്‍ത്തുക. രാവിലെ 11.30നും 12നും ഇടയിലാണ് തിരുവമ്പാടിയുടെ കൊടിയേറ്റം. 12ന് പാറമേക്കാവ് വിഭാഗം കൊടി ഉയര്‍ത്തും.
ക്ഷേത്രത്തില്‍ നിന്നുള്ള പൂരം പുറപ്പാട് ഉച്ചക്ക് രണ്ടിന് തുടങ്ങും. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. മൂന്നിന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാക ഉയരും. അപ്പോള്‍ ചെറിയ വെടിക്കെട്ട് നടന്നതായിരിക്കും.
മേളം കഴിഞ്ഞ് നടുവില്‍മഠത്തിലെ ആറാട്ടിന് ശേഷം ഭഗവതി തിരിച്ചെഴുന്നെള്ളും. ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തും. തുടര്‍ന്ന് അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആറാട്ടും നടക്കും.
27നാണ് സാമ്പിള്‍ വെടിക്കെട്ട്. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം 27ന് അഗ്രശാലയില്‍ തുടങ്ങും. തിരുവമ്പാടിയുടെ ആനച്ചമയ പ്രദര്‍ശനം 28ന് ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 29നാണ് തൃശൂര്‍ പൂരം.