കൊല്ലം-തിരുവനന്തപുരം പാതയില്‍ മേവറം മുതല്‍ കാവനാട് വരെ നീളുന്ന നിര്‍ദിഷ്ട കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ തീര്‍ക്കുന്നു. ഇതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള ഭാഗത്തെ റോഡ് പണിക്കായി 230 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.
മേവറം മുതല്‍ കാവനാട് വരെ 13 കിലോമീറ്ററാണ് ബൈപ്പാസ് വരുന്നത്. നഗരത്തിലെ ഗതാഗാതക്കുരുക്കില്‍ പെടാതെ തിരുവനന്തപുരത്തേക്ക് വാഹനയാത്ര സുഗമമാക്കാന്‍ ബൈപ്പാസ് വരുന്നതോടെ കഴിയും. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതായിവരും. ഇതിനായുള്ള ടോള്‍ഗേറ്റ് ആല്‍ത്തറമൂട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിനായി ദേശീയപാതാവിഭാഗം ചീഫ് എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം ആല്‍ത്തറമൂട്ടിലെത്തി പരിശോധിച്ചു.
രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനത്തില്‍ എട്ടര കിലോമീറ്റര്‍ റോഡാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ കല്ലുംതാഴം ദേശീയപാതയില്‍ ഫ്ലൈഓവറും നിര്‍ദിഷ്ട കൊല്ലം-തേനി പാത കടന്നുപോകുന്ന കടവൂരില്‍ അണ്ടര്‍പാസും ആലോചിക്കുന്നുണ്ട്. 800 മീറ്റര്‍ നീളമുള്ള പാലമാണ് കണ്ടച്ചിറയില്‍ നിര്‍മിക്കുക. അരവിളയിലൂടെയാണ് 600 മീറ്ററിന്റെ മറ്റൊരു പാലം കടന്നുപോകുന്നത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അമ്പത് ശതമാനം വീതം തുക ചെലവഴിച്ചാണ് ബിഒടി വ്യവസ്ഥയില്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള പാതയിലൂടെ ഇപ്പോല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ വാഹനഗതാഗതം പൂര്‍ണമാകാന്‍ കാവനാട് വരെയുള്ള ഭാഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒറ്റഘട്ടമായി കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ദേശീയപാതാവിഭാഗം ഉദ്ദേശിക്കുന്നത്.