എറണാകുളം ജില്ലയില്‍ പാലാരിവട്ടത്ത് നാലംഗകുടുംബം ആത്മഹത്യ ചെയ്തു. പാലാരിവട്ടം സൗത്ത് ജനതാറോഡ് പുളിങ്ങാട്ടില്‍ വിജയന്‍ (43), ഭാര്യ ശൈലജ (42), മക്കളായ അരുണ്‍ (13), അജയ് (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്ത്തിയത്.
ഇവരുടെ വീടായ 'ഐശ്വര്യ'യില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നാണ് ഇവര്‍ മരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനടുത്ത് ഹൈടെക് കമ്പ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുകയാണ് വിജയന്‍. 11 വര്‍ഷമായി പാലാരിവട്ടത്താണ് താമസം. സംസാരവൈകല്യമുള്ള അരുണ്‍ കാലടിയിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. അജയ് തമ്മനം നലാന്റ പബ്ലിക് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയും. സാമ്പത്തികപ്രയാസമാണ് കൂട്ടആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. ബാധ്യതകള്‍ തീര്‍ത്ത് വിജയന്റെ പേരിലുള്ള പാലാരിവട്ടത്തെ വീടുള്‍പ്പെടുന്ന മൂന്നു സെന്റ് സ്ഥലവും മാള, മനയ്ക്കപ്പടി എന്നിവിടങ്ങളിലെ സ്ഥലങ്ങളും മൂത്ത സഹോദരന്‍ വേണു എടുക്കണമെന്നെഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി.
രണ്ടുദിവസമായി വീട് തുറക്കാത്തതിനാല്‍ അയല്‍വാസി ശ്രദ്ധിക്കുകയായിരുന്നു. വീടിനുസമീപം ചെന്നുനോക്കിയപ്പോള്‍ മുറിയില്‍ ഫാന്‍ കറങ്ങുന്നതായി കണ്ട് ബന്ധുക്കളെ വിവരമറിയിച്ചു. പൊലീസും ബന്ധുക്കളുമെത്തിയാണ് വീട് തുറന്നത്. അരുണിന്റെ മൃതദേഹം താഴത്തെ നിലയിലെ മുറിയിലും വിജയന്റെയും ശൈലജയുടെയും മൃതദേഹങ്ങള്‍ മുകളിലത്തെ മുറിയിലും അജയ്‌യുടേത് തൊട്ടടുത്ത മുറിയിലുമാണ് കണ്ടത്. വിജയന്‍ പാന്റ്സ് മാത്രമാണ് ധരിച്ചിട്ടുള്ളത്.
സാമ്പത്തിക ബാധ്യതയാണ് ഇവരുടെ ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വ്യാഴാഴ്ച രാവിലെ ആശുപത്രിയിലേക്ക് മാറ്റും എന്നറിയുന്നു.