കെ എം ഷാജി എംഎല്‍എയുടെ ശമ്പളം തട്ടിയെടുത്ത പ്യൂണിനെതിരെ കേസ്
തിരുവനന്തപുരം|
WEBDUNIA|
PRO
എംഎല്‍എ യുടെ ശമ്പളവും അലവന്‍സും തട്ടിയെടുത്ത പ്യൂണിനെതിരെ പൊലീസ് കേസ്. മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ രണ്ട് മാസത്തെ ശമ്പളവും ഒരു മാസത്തെ യാത്രപ്പടിയുമാണു പ്യൂണ്‍ തട്ടിയെടുത്തത്.
നിയമസഭാ ട്രഷറിയിലെ പ്യൂണായ സി.അശോകന് കള്ള ഒപ്പിട്ട് ബില്‍ മാറി 69000 രൂപയാണു തട്ടിയെടുത്തത്. ട്രഷറിയില്‍ നിന്ന് ഈ വിവരം അറിഞ്ഞ് ഷാജി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് അശോകനെതിരെ കേസെടുത്തിട്ടുണ്ട്. അഴീക്കോട് എം.എല്‍.എ ആയ ഷാജിയുടെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് തട്ടിയെടുത്തത്.
അശോകന് നിയമസഭാംഗങ്ങളുടെ വിശ്വസ്തനായാണ് പൊതുവേ അറിയപ്പെടുന്നത്. മിക്ക എം.എല്‍.എ മാരും ബില്ലുകള്‍ മാറുന്നതും അശോകനിലൂടെയാണ്. ഇത്തരത്തില്‍ ഷാജിയും ബില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു എന്നാണ് സൂചന.
മിക്ക എംഎല്‍എ മാരും പണം സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല എന്ന പഴുതുപയോഗിച്ചായിരിക്കാം അശോകന് തുക തട്ടിയെടുത്തതെന്നാണു സൂചന. ഇത്തരത്തില്‍ മറ്റ് എംഎല്‍എ മാരുടെ തുകയിലും കബളിപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.