തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 24 ഫെബ്രുവരി 2012 (11:54 IST)
PRO
PRO
കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കില്‍ ധനമന്ത്രി കെ എം മാണി മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം. കേന്ദ്രത്തില്‍ നിന്നും പതിനായിരക്കണക്കിന് കോടി രൂപയുടെ പാക്കേജ് കിട്ടാന്‍ പോകുന്നുവെന്ന് മാണി പ്രചരിപ്പിച്ചെങ്കിലും ഇതൊന്നും കേന്ദ്രം അനുവദിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മമത യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനാവശ്യമായ ഫണ്ട് സംഘടിപ്പിക്കുന്നത്. മാണിയ്ക്കും ഫണ്ട് വേണമെങ്കില്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കട്ടെ എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ മാത്രമേ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി ഫണ്ട് സംഘടിപ്പിച്ച് തരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മാണി കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന മറുപടി നിങ്ങളേക്കാള്‍ കഷ്ടത്തിലാണ് ഞങ്ങളിവിടെ എന്നാണ്. സംസ്ഥാനങ്ങള്‍ പണം ചോദിച്ച് കേന്ദ്രത്തിലേക്ക് വരേണ്ടതില്ല എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ പെന്ഷന് പ്രായം കൂട്ടി ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ ഇല്ലാതാക്കാനാണ് മാണിയും സംഘവും ശ്രമിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.