നിയമം കൈയിലെടുക്കാന്‍ ഞങ്ങള്‍ക്ക് ലൈസന്‍സുണ്ട്. കാരണം ഞങ്ങള്‍ പോലീസുകാരാണ്, അതും ട്രാഫിക് പോലീസ്. അപ്പോള്‍ ഞങ്ങള്‍ക്ക് ഇരട്ട ചങ്കാണ്. ശക്തി കൂടും, ധാര്‍ഷ്ട്യവും. ഇതായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ട്രാഫിക് ഉദ്യോഗസ്ഥരുടെ സമീപനം.
തങ്ങള്‍ നിയമപാലകരാണെന്ന കാര്യം കേരളത്തിലെ പൊലീസ് ചിലപ്പോഴൊക്കെ മറന്നു പോകുന്നു എന്നതിന് ഉദാഹരണമാണ് ചെങ്ങന്നൂരില്‍ അരങ്ങേറിയത്. പൊലീസ് സ്റ്റേഷനുസമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ഒരു കാറിനുണ്ടായ ദുരവസ്ഥയെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ എം എച്ച് ഗീതയുടെ കാറിനു നേര്‍ക്കായിരുന്നു പൊലീസ് ആക്രമണം.
കാറിന്റെ ചില്ലുപൊട്ടിക്കുകയും സ്റ്റിയറിങ് ഒടിക്കുകയും മുന്‍ ചക്രത്തിലെ കാറ്റ് അഴിച്ചുവിടുകയുമാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്.
സംഭവത്തെക്കുറിച്ച് ഗീത പറയുന്നത് ഇങ്ങനെ - "വ്യാഴാഴ്ച ഉച്ചയ്ക്ക് കാറുമായി ഞാന്‍ പോലീസ് സ്റ്റേഷനു സമീപം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു ഫ്‌ളൈയിങ് സ്‌ക്വാഡ് തടഞ്ഞു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം വഴിയോരത്തു വണ്ടി പാര്‍ക്കു ചെയ്യുകയും ചെയ്തു. ശമ്പള ബില്‍ കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ മകളുമൊത്ത് വൊക്കേഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ പോയി. കുറച്ച് സമയങ്ങള്‍ക്ക് ശേഷം മടങ്ങി വന്നപ്പോള്‍ കാര്‍ തകര്‍ത്തിട്ടിരിക്കുന്നതാണു കണ്ടത്."
ഇതും പോരാഞ്ഞ് കാറിന്റെ ഗ്ലാസിലും സ്റ്റിയറിങ്ങിലും എട്ടാം തീയതിക്കു മുമ്പ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന അറിയിപ്പും ഉണ്ടായിരുന്നതായും ഗീത പറയുന്നു.
നടുറോഡില്‍ അധ്യാപിക പൊട്ടിക്കരയുന്നതുകണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ സംഭവം പ്രശ്‌നമാക്കിയപ്പോള്‍ പൊലീസ് വിശദീകരണവുമായെത്തി. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി കിടക്കുകയായിരുന്നു കാറെന്നും കാറിന്റെ ഗ്ലാസ്സ് ഇളക്കി ഉരുട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസ് ഭാഷ്യം. മോഷ്ടിച്ച കാറായിരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് കാര്‍ ഓടിച്ച് കൊണ്ട് പോകാതിരിക്കാനാണ് കാറ്റഴിച്ചു വിട്ടതെന്നും പോലീസ് അറിയിച്ചു.
സി ഐ ക്കും എസ് ഐ ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാര്‍ നന്നാക്കിക്കൊടുത്ത് പൊലീസുകാര്‍ സംഭവത്തില്‍നിന്ന് പതിയെ തടിതപ്പി.