പാലക്കാട്|
WEBDUNIA|
Last Modified വെള്ളി, 2 ഏപ്രില്‍ 2010 (20:54 IST)
PRO
ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് ഏഴു പേരെ ചോദ്യം ചെയ്തു. പാലക്കാട് നോര്‍ത്ത് പൊത്സീസ് സ്റ്റേഷനിലെ നാലു പൊലീസുകാരെയും സമ്പത്തിന്‍റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെയുമാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തത്. ഇരുപതിലധികം പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
സമ്പത്തിനെ ആദ്യമെത്തിച്ച ജില്ലാ ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന നടത്തി. അതേസമയം സമ്പത്ത് ജില്ലാ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സമ്പത്തിന്‍റെ മരണകാരണം തലച്ചോറിലെ രക്‌തസ്രാവവും ശരീരത്തിലേറ്റ ക്ഷതങ്ങളുമാണെന്ന് പോസ്റ്റ്മോര്‍ട്ടില്‍ വ്യക്തമായിരുന്നു. സമ്പത്തിന്‍റെ ശരീരത്തില്‍ നിറയെ മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. പുത്തൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായ സമ്പത്ത് ഞായറാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. നെഞ്ചുവേദനയെതുടര്‍ന്നാണ് മരണമെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനം മൂലമാണ് സമ്പത്ത് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കര്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സി വി എം ഗ്രൂപ്പ് പാര്‍ട്ണര്‍ വി ജയകൃഷ്ണന്‍റെ ഭാര്യ ഷീല (47) കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ശേഷം സമീപപ്രദേശങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമ്പത്തിനെയും സംഘത്തെയുംക്കുറിച്ചുള്ള വിവരം ലഭിച്ചത്.