അനന്തപുരിയെ യാഗശാലയാക്കി ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടന്നു. മുപ്പത് ലക്ഷത്തോളം ഭക്തകളാണ് ഇക്കുറി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് നിര്‍വൃതിയടഞ്ഞത്. രാവിലെ പത്തു മണി കഴിഞ്ഞ് ക്ഷേത്രം തന്ത്രി ചേന്നാത്ത് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്കുള്ള തീ പകര്‍ന്നു നല്‍കിയതോടെയാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങിയത്.
തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ നമ്പൂതിരി വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും തീ പകര്‍ന്നു. പത്തേകാലോടെ ശ്രീകോവിലില്‍ നിന്നും കൊണ്ടുവന്ന ദീപത്തില്‍ നിന്നും ക്ഷേത്രത്തിന് മുന്‍വശത്ത് തയ്യാറാക്കിയിരുന്ന പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. വായ്ക്കുരവയോടെയാണ് ഭക്തജനങ്ങള്‍ ഈ നിമിഷത്തെ വരവേറ്റത്.
പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ കിലോമീറ്ററുകളോളം നീളത്തില്‍ സജ്ജീകരിച്ച ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ അടുപ്പുകളിലേക്കും തീ പകര്‍ന്നു. കടുത്ത സൂര്യതാപം വകവെയ്ക്കാതെ തീച്ചൂടും പുകയുമേറ്റ് ദേവീമന്ത്രങ്ങള്‍ ഉരുവിട്ട് മനസും ശരീരവും ആറ്റുകാല്‍ സന്നിധിയില്‍ അര്‍പ്പിച്ചായിരുന്നു ഭക്തരുടെ നിവേദ്യസമര്‍പ്പണം.
ലക്ഷക്കണക്കിന് അടുപ്പുകളില്‍ അഗ്നി പകര്‍ന്നതോടെ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ ഒരു യാഗശാലയായി മാറുകയായിരുന്നു. മൂന്നേകാലോടെ പൊങ്കാലനിവേദ്യങ്ങളില്‍ തീര്‍ത്ഥം തളിച്ചതോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. ഭക്തര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് പ്രദേശവാസികളും റെസിഡന്‍സ് അസോസിയേഷനുകളും സജീവമായിരുന്നു.
സിനിമാ സീരിയല്‍ താരങ്ങളുടെ സാന്നിധ്യവും പൊങ്കാലയ്ക്ക് പൊലിമ പകര്‍ന്നു. നടിമാരായ അംബിക, കല്‍പന, ചിപ്പി പ്രിയങ്ക, ബീന ആന്‍റണി എന്നിവരാണ് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയത്. ബീന ആന്‍റണിക്കിത് അമ്മയുടെ സന്നിധിയില്‍ കന്നിപ്പൊങ്കാലയായിരുന്നു. മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനും ഐജി ആര്‍ ശ്രീലേഖയും പൊങ്കാല അര്‍പ്പിക്കാനുണ്ടായിരുന്നു.
ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ഭാര്യ പ്രഭ യേശുദാസ് മകന്‍ വിജയ് യേശുദാസ് എന്നിവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പൊങ്കാലദിവസം ക്ഷേത്രത്തിലെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് യേശുദാസ് പറഞ്ഞു. ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ക്ഷേത്രത്തില്‍ എത്തിയിരുന്നു.