കൊച്ചി|
Biju|
Last Modified ശനി, 26 ഏപ്രില്‍ 2014 (12:01 IST)
കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിന്റെ ഭാര്യയും പ്രതി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയായ ഇവര്‍ കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്.
സി ബി ഐ ഫയല്‍ ചെയ്ത എഫ് ഐ ആറിലെ പ്രതിപ്പട്ടികയില്‍ സലിംരാജിന് തൊട്ടുതാഴെയാണ് ഭാര്യയും ഇടം പിടിച്ചിരിക്കുന്നത്. സലിംരാജിന്റെ ഭൂമി ഇടപാടുകളില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സഹായം ചെയ്യാന്‍ തയ്യാറായി എന്നാണ് ഭാര്യയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
തിരുവനന്തപുരം സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആധാരങ്ങള്‍ വര്‍ക്കല സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതുപോലെയുള്ള ക്രമക്കേടുകള്‍ക്ക് ഭാര്യയുടെ സഹായവും സലിം രാജിന് ലഭിച്ചു എന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് എന്ന നിലയില്‍ ഉന്നത ബന്ധങ്ങളാണ് സലിംരാജിനുള്ളതെന്നും സി ബി ഐ എഫ് ഐ ആറില്‍ പറയുന്നു. സലിമിനെതിരെ നാല് പരാതികള്‍ ലഭിച്ചിട്ടും അവയിലൊന്നും നടപടിയെടുക്കാതിരിക്കാന്‍ ഈ ഉന്നതബന്ധങ്ങള്‍ കാരണമായി എന്നും സി ബി ഐ വ്യക്തമാക്കുന്നു.