ഏഴ് ഭൂചലനം; മധ്യകേരളം ഭീതിയില്‍

ഇടുക്കി| WEBDUNIA|
PRO
PRO
ഏഴ് തവണ ഇടുക്കിയെ കുലുക്കിയ ചൊവ്വാഴ്ചത്തെ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം വാഗമണിനടുത്താണെന്ന് നിഗമനം. മുല്ലപ്പെരിയാര്‍ ഡാമിന് 31.4 കിലോമീറ്റര്‍ അകലെയുള്ള ഉളുപ്പൂണിയാണ് ചലനങ്ങളുടെ പ്രഭവകേന്ദ്രം എന്നാണ് സൂചന. ഇടുക്കി ഡാമില്‍ നിന്ന് 8.9 കിലോമീറ്ററും കുളമാവ് ഡാമില്‍നിന്ന് 7.6 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം.

ഇടുക്കി, കോട്ടയം, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നേരിയ ഭൂചലനമുണ്ടായി. അഞ്ച് മണിക്കൂറിനുള്ളില്‍ ഏഴുതവണയാണ്‌ ഇടുക്കി നടുങ്ങിയത്. ഇടുക്കിയിലെ ചെറുതോണി, നെടുങ്കണ്ടം, തേക്കടി, കട്ടപ്പന, പുല്ലുമേട്‌, വാഗമണ്‍, അടിമാലി, മൂലമറ്റം എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ മീനച്ചില്‍, മുണ്ടക്കയം, ഈ‍രാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഭൂചലനങ്ങള്‍ ഉണ്ടായി. ചലനത്തോടൊപ്പം മുഴക്കം കേട്ടതായും ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചയ്ക്ക്‌ 1.09നുണ്ടായ ആദ്യചലനം റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തി. ഏഴ് ചലനങ്ങളില്‍ ഇതായിരുന്നു ഏറ്റവും തീവ്രം.

മധ്യകേരളത്തിലെ ചില ഭാഗങ്ങള്‍ അതീവ ഭൂകമ്പസാധ്യതാ പ്രദേശങ്ങളാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെ കണ്ടെത്തിയതാണെങ്കിലും യാതൊരു സുരക്ഷാ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സ്‌ഥിതി ചെയ്യുന്ന പ്രദേശത്ത് ഗുരുതരമായ സ്‌ഥിതിവിശേഷമാണ് ഉള്ളത്‌. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആര്‍ച്ച്‌ ഡാമിനോട് ചേര്‍ന്നുള്ള ഭൂകമ്പമാപിനി പ്രവര്‍ത്തിക്കുന്നത് പോലും ഇല്ല. അതിനാല്‍ ചൊവ്വാഴ്ച ഇവിടെയുണ്ടായ ചലനം രേഖപ്പെടുത്താന്‍ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ചെറുതും വലുതുമായ പത്ത് ചലനങ്ങളാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് തകരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അണക്കെട്ടിന്റെ താഴ്വരയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്.

ഇടുക്കി ഡാമിലെ ഡിജിറ്റല്‍ ഭൂകമ്പമാപിനിയും പ്രവര്‍ത്തനരഹിതമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂകമ്പമാപിനികള്‍ മാറ്റി സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. ഡാമുകള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കാതെ ഭൂചലനഭീഷണിയെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരുന്നത് പാവം ജനതയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :