എറണാകുളം: സിപിഎം സ്ഥാനാര്‍ത്ഥി ഇന്ന്

എറണാകുളം| WEBDUNIA|
PRO
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എറണാകുളം നിയമസഭാ മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനു മുന്നോടിയായി ഇന്ന് രാവിലെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് വൈകിട്ട് നടക്കുന്ന കണ്‍‌വന്‍ഷനില്‍ പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വൈകിട്ട് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എറണാകുളം മുന്‍ മേയര്‍ കെ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സി പി എമ്മിന്‍റെ ശ്രമം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് ബാലചന്ദ്രന്‍ വ്യക്തമാക്കിയതോടെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തനാവാതെ നേതൃത്വം വുഷമവൃത്തത്തിലായി.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ജസ്റ്റി വി ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ ബാലചന്ദ്രനെ ടെലഫോണില്‍ വിളിച്ചെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.

ബാലചന്ദ്രനെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. പൊതുസമ്മതനായ മറ്റാരെയെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് സി പി എം ശ്രമം. കെ.എന്‍ ഉണ്ണികൃഷ്ണന്‍റെയും എം. അനില്‍കുമാറിന്‍റെയും പേരുകള്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയ്ക്ക്‌ മുന്‍പിലുണ്‌ടായിരുന്നെങ്കിലും ഔദ്യോഗിക പക്ഷത്തുനിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ബാലചന്ദ്രന്‍റെ പേര് പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :