ഇന്നലെ ഈ തറവാട്ടിൽ, തത്തിക്കളിച്ചൊരു പൊൻസൂര്യൻ, തെല്ലുതെക്കുപുറത്തെ മുറ്റത്ത്, ആറടി മണ്ണിലുറങ്ങയല്ലോ - സോഷ്യല്‍ മീഡിയയില്‍ വൈറലായി മണിയുടെ അവസാന പാട്ട്

ചിലരുടെ ജീവിതം അങ്ങനെയാണ്. പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു നില്‍ക്കുമ്പോഴുള്ള മടക്കയാത്ര. മണി നമുക്ക് മുമ്പില്‍ അഭിനയിച്ചു തീര്‍ത്ത കഥാപാത്രങ്ങളേക്കാള്‍ പാടിയ പാട്ടുകള്‍ കൊണ്ടായിരിക്കും മണിയെ നമ്മള്‍

rahul balan| Last Updated: ചൊവ്വ, 22 മാര്‍ച്ച് 2016 (10:47 IST)
ചിലരുടെ ജീവിതം അങ്ങനെയാണ്. പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു നില്‍ക്കുമ്പോഴുള്ള മടക്കയാത്ര.
മണി നമുക്ക് മുമ്പില്‍ അഭിനയിച്ചു തീര്‍ത്ത കഥാപാത്രങ്ങളേക്കാള്‍ പാടിയ പാട്ടുകള്‍ കൊണ്ടായിരിക്കും മണിയെ നമ്മള്‍ ഓര്‍ക്കുന്നത്. നല്ല ഒരു മനുഷ്യനായും പാട്ടുകാരനായും മണി നമ്മളിലൊരാളായി ജീവിച്ചു. ഒരുപക്ഷേ, മലയാളക്കര ഇത്രകണ്ട് സ്നേഹിച്ച മറ്റൊരു കലാകാരന്‍ ഉണ്ടാകില്ല. ഒരു ചാനല്‍ പരിപാടിയില്‍ മണി പറഞ്ഞതുപോലെ
‘എന്റെ മരണം കുറഞ്ഞത് ആറുമാസക്കാലം എങ്കിലും കേരളം ചര്‍ച്ച ചെയ്യും’ ആ വാക്കുകള്‍ അറംപറ്റിയെന്ന് കാലം തെളിയിച്ചു.

മണിയുടെ നാടന്‍ പാട്ടുകളുടെ കാസെറ്റുകള്‍ കേരളത്തിനു പുറത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം തരംഗമായി. മണിയുടെ പാട്ടുകളിലെ നാടന്‍ ശൈലിയും നാട്ടിന്‍ പുറങ്ങളില്‍ മാത്രം കേള്‍ക്കാറുള്ള പദങ്ങളും ആ പാട്ടിനെ കുറച്ചു കൂടി മനോഹരമാക്കിയെന്ന് പറയാം. ഏത് വേദിയിലായാലും നാടന്‍ ശൈലിയിലുള്ള സംസാരവും പ്രേക്ഷകരെ കൈയിലെടുക്കാനുള്ള കഴിവും മറ്റ് താരങ്ങളില്‍ നിന്നും മണിയെ വ്യത്യസ്തനാക്കി. കയറുന്ന വേദികളിലെല്ലാം പ്രേക്ഷകര്‍ മണിക്കൊപ്പം കരയുകയും ചിരിക്കുകയും ചെയ്തു.

തീര്‍ത്തും സാധാരണക്കാരില്‍ സാധാരണക്കാരന്‌റെ കാഴ്ചകളാണ് മണിയുടെ പാട്ടുകളിലെ വരികളില്‍ നിറയുന്നത്. ‘കണ്ണിമാങ്ങ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍’, ‘ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട’, ‘അമ്മായീടെ മോളേ ഞാന്‍ നിക്കാഹ് ചെയ്തിട്ടാകെ കുഴപ്പത്തിലായി’ എന്നീ പാട്ടുകളിലെ വരികള്‍ പറയുന്നത് സാധാരണക്കാരന്റെ ചിന്തകളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു.

ചാലക്കുടി എന്നും മണിയുടെ താളമായിരുന്നു. സിനിമാലോകത്ത് ഉയരങ്ങളിലേക്ക് നടന്നു കയറിയപ്പോഴും ചാലക്കുടിയെ മണി മറന്നില്ല. ആ നാടിനെ അത്രയേറെ മണി ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം മണി ഒരു പാട്ടിലൂടെ തന്നെ നാടിനെ അറിയിച്ചു. ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍’ എന്ന പാട്ട് ആ നാടിനുള്ള മണിയുടെ ഏറ്റവും വലിയ സമ്മാനമായിരുന്നു. നമ്മെ കരയിപ്പിച്ച മറ്റൊരു പാട്ടാണ് ‘ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണുമ്മാ’. ജീവിതത്തില്‍ മണി അനുഭവിച്ച വേദനകളെക്കുറിച്ചായിരുന്നു ഈ പാട്ട്. വിശപ്പിന്റെ വേദന ഈ ഒരു പാട്ടിലൂടെ മണി നമ്മെ പഠിപ്പിച്ചു. അങ്ങനെ കരയാനും ചിരിക്കാനും മലയാളികളെ പഠിപ്പിച്ച എത്ര പാട്ടുകള്‍.

അവസാനം മണി പാടിയ പാട്ടിലെ വരികള്‍ പറഞ്ഞതുപോലൊരു മരണവും. ശരിക്കും അറംപറ്റിയ നാടൻപാട്ട്. ഇതൊരുപക്ഷേ ചരിത്രത്തിന്റെ അനിവാര്യതയാകാം. പാട്ടിലൂടെ വേദനകള്‍ മറ്റുള്ളവരെ അറിയിച്ച കലാകാരന്റെ മരണം അത്തരം ഒരു പാട്ടില്‍ പറഞ്ഞതുപോലെ തന്നെ. ‘വീട്ടിൽ തത്തിക്കളിച്ച സൂര്യൻ ഇന്ന് വീട്ടിന്റെ തെക്കുപുറത്തെ മുറ്റത്ത് ആറടി മണ്ണിലുറങ്ങുകയാണെന്ന്’ പറഞ്ഞുകൊണ്ടാണ് പാട്ടിന്റെ തുടക്കം. ചിരുത വേദനയോടെ പ്രസവിച്ച മകൻ ഉപ്പും പുളിയും ചേർത്ത് ഭക്ഷണം കഴിച്ചതും കുട്ടിക്കാലത്തെ കഷ്ടപ്പാടും വിവരിക്കുന്ന പാട്ടിൽ അവസാനം രാഷ്ട്രീയ കൊലപാതകത്തിന്റെ സൂചനയാണ് നൽകുന്നത്. കൂരയിൽ രാത്രിയിൽ പേരറിയാത്തവർ കയറിവന്ന് കൊലവിളി നടത്തി. ഇവിടെ കാര്യങ്ങൾ ആളെ നോക്കിയല്ല, കൊടിനിറം നോക്കിയാ ഇങ്ങനെ പോകുന്നു മണി അവസാനമായി പാടിയ പാട്ട്.

മണി അവസാനമായി പാടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പാട്ട്

നേരെ പടിഞ്ഞാറ് സൂര്യൻ
താനെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടിൽ
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
ഏതോരു കർക്കിടരാവ്
ഉണ്ണാതുറങ്ങുന്ന രാവ്
അന്നല്ലേ പെണ്ണു ചിരുത
വേദനയോടെ പെറ്റവനെ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
ഇരുകത്തട്ടകത്ത് കെട്ടുകെട്ടുമ്പോൾ
കുട്ടാ കുട്ടാ വിളിയുയരുമ്പോൾ
ഉപ്പുപുളി ചേർത്തുകുഴച്ച്
തൊട്ടുനുണഞ്ഞ് ചിരിച്ച കുട്ടാ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
തമ്പ്രാൻ കനിഞ്ഞില്ല അന്ന്
വേലകൂലിയും തന്നില്ല അന്ന്
ചോർന്നൊലിക്കുന്ന കൂരേടെ കീഴിൽ
ഒത്തിരിനേരം കരഞ്ഞകുട്ടാ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
ആദ്യം എഴുത്തിനിരുത്തി
ആശാൻ പഠിപ്പിച്ചിരുത്തി
പാഠം പഠിക്കരെയുണ്ണി
കാണേ കാണേ വളർന്ന ഉണ്ണി
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
മെട്രിക്കുലേഷൻ പരൂക്ഷ
നൂറിൽ നൂറോടെ വല്ല്യ പരൂക്ഷ
കരളിലേറെ അച്ഛനു സന്തോയം
പൂത്തിരിയേകിയ പൊന്നുമുത്തേ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
മകരക്കൊയ്ത്തിന് കിട്ടിയ നെല്ല്
നാടുതാണ്ടിയത് വിറ്റു നടന്നു
ചന്ദിരൻമാരുദിക്കുന്ന കുപ്പായം
തുന്നിച്ച് തന്നില്ലേയെന്റെ കുട്ടാ
തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
കൈയിൽ പൊതി കണ്ടപ്പോൾ കുട്ടാ
തത്തപോലെ ചൊല്ലിയില്ലച്ഛൻ
വേണ്ട കുട്ടാ തീക്കളിയാണിത്
പേപിടിച്ചുള്ളോരു പാർട്ടികളാ
ആളെ കണ്ടാലറിയില്ലാ കുട്ടാ
കൊടിനിറം നോക്കിയാ കാര്യങ്ങള്
ആ ഓർമ്മകൾ പോയി മറഞ്ഞു
എന്റെ കുട്ടന്റെ പാട്ടുകൾ നിന്നു
ആ രാത്രി പേരറിയാത്തവർ
ചെറ്റ തകർത്ത് അകത്തുവന്നേ
കണ്ണടച്ചുറങ്ങുമെൻ കുട്ടനെ
കൊന്നുകൊലവിളിച്ചതെന്റേ ദൈവേ
കൊടുങ്ങല്ലൂര് മീനഭരണി
കോഴിവെട്ടും കുരുതിയുമുണ്ടേ
തമ്മിൽ തല്ലി വെട്ടിമരിക്കണ്
ഏതൊരു ദൈവമരുളിയതാ
വാള് കത്തി കമ്പിയും പാരയും
കൊണ്ട് നടക്കുന്നതെന്തിനാണാവോ...


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :