അഞ്ചേരി ബേബി വധക്കേസ്: എംഎം മണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം
ഇടുക്കി|
WEBDUNIA|
PRO
PRO
അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം. കേസില്‍ മണി ഉള്‍പ്പടെ ഏഴു പേര്‍ കുറ്റക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മണി ഉള്‍പ്പെടെ ഏഴു പേര്‍ കുറ്റക്കാരെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. ജയചന്ദ്രന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിനു വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
സിപിഎം ജില്ലാ നേതാക്കന്‍മാരായിരുന്ന എകെ ദാമോദരന്‍, ഒജി മദനന്‍, ഉടുമ്പന്‍ചോല സ്വദേശികളായ കൈനകരി കുട്ടന്‍ , പള്ളിക്കുന്നേല്‍ വര്‍ക്കി, വിഎം ജോസഫ്, ചന്ദ്രന്‍ എന്നിവര്‍ക്കെതിരായാണ് തെളിവുള്ളത്. ഇവരില്‍ കുട്ടന്‍, മദനന്‍ എന്നിവര്‍ക്കെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മറ്റുള്ളവരെ അന്തിമ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയേക്കും. അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തരവകുപ്പിനു കൈമാറും.
ഉടുമ്പഞ്ചോല യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 12നാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം എംഎം മണി നടത്തിയ വിവാദമായ മണക്കാട് പ്രസംഗമാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഇടയാക്കിയത്. മണിക്കെതിരെ കേസെടുക്കുകയും അറസ്റ്റു നടക്കുകയും ചെയ്തതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറേണ്ടിവന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും അടുത്ത കാലത്താണ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.
കേസില്‍ കുറ്റപത്രം വൈകുന്നത് ജയചന്ദ്രനെ രക്ഷപ്പെടുത്താനാണെന്ന് അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജയചന്ദ്രനെ പ്രതിയാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര വകുപ്പിന് കൈമാറുമെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം, തനിക്ക് ഒരു വധത്തിലും പങ്കില്ലെന്ന് എംഎം മണി പ്രതികരിച്ചു.