തൊടുപുഴ|
WEBDUNIA|
Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (01:55 IST)
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അന്പതുകാരന്റെ പരാക്രമം തൊണ്ണൂറുകാരനായ അച്ഛനോട്. അച്ഛനെ വെട്ടി പരുക്കേല്‍പ്പിച്ച ഇയാള്‍ അനുജന്റെ ഭാര്യയെയും ആക്രമിച്ചതിന് ശേഷം വീടിന് തീവയ്ക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. വഴിത്തല കുഴിവേലിക്കുന്നേല്‍ സന്തോഷിനെയാണ് കരിങ്കുന്നം പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനെ വെട്ടിയും അനുജന്റെ ഭാര്യയെ കല്ലിനിടിച്ചുമാണ് സന്തോഷ് പരുക്കേല്‍പ്പിച്ചത്.
തലയ്ക്കും കഴുത്തിനുതാഴെയും നടുവിനും ഗുരുതരമായി വെട്ടേറ്റ മാധവനെ (91) തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഷീല(36)യെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ തറവാട് വീട്ടിലെത്തിയ സന്തോഷ് സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. പിന്നീട് നാലുമണിക്ക് വീണ്ടുമെത്തി ഇയാള്‍ തറവാടിരിക്കുന്ന സ്ഥലത്ത് കയ്യാലകെട്ടുകയായിരുന്നു. മാധവന് ഇതിനെ ചോദ്യം ചെയ്തതാണ് സന്തോഷിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ഇയാള്‍ വാക്കത്തികൊണ്ട് മാധവനെ വെട്ടുകയായിരുന്നു.
പരുക്കേറ്റ മാധവനെ മറ്റൊരു മകന് സുനിലും ഭാര്യ ഷീലയും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോയിലേക്ക് കയറ്റുമ്പോള്‍ സന്തോഷ് ഷീലയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അവിടം വിട്ട സന്തോഷ് രാത്രി ഒമ്പതരയോടെ മടങ്ങിയെത്തി തറവാടിന് തീവയ്ക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു. തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.