ശര്‍മ്മ - വി.എസിന്‍റെ വിശ്വസ്തന്‍

WEBDUNIA|

1987 മുതല്‍ ഒരു തവണയൊഴികെ വടക്കേക്കര നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന എസ്. ശര്‍മ്മയ്ക്ക് മന്ത്രിപദത്തില്‍ ഇത് രണ്ടാം ഊഴമാണ്. 96ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ മന്ത്രിയായിരുന്ന പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതിനെത്തുടര്‍ന്നാണ് ആദ്യമായി മന്ത്രിപദവി ശര്‍മ്മയെത്തേടി എത്തിയത്.

ചെമ്മീന്‍കെട്ട് കച്ചവടക്കാരനായിരുന്ന വടക്കന്‍ പറവൂര്‍ ഏഴിക്കര മണപ്പശ്ശേരി ശേഖറിന്‍റെയും കാവുക്കുട്ടിയുടെയും നാല് മക്കളില്‍ മൂന്നാമനായ ശര്‍മ്മയ്ക്ക് നാല് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പത്താം ക്ളാസിന് ശേഷം കൂനന്‍മാവ് ഐ.ടി.ഐയില്‍ പഠനം നടത്തിയ ശര്‍മ്മ കെ.എസ്.വൈ.എഫ് ഏഴിക്കര ഘടകം സ്ഥാപക സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.

73ല്‍ സി.പി.എം അംഗമായി. 91 മുതല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. 2001ല്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിന്ന കാലയളവ് ഒഴിച്ചാല്‍ വടക്കേക്കര മണ്ഡലം എന്നും ശര്‍മ്മയ്ക്കൊപ്പമായിരുന്നു. വി.എസ്. അച്യുതാനന്ദന്‍റെ സ്വന്തം പക്ഷക്കാരന്‍ എന്ന അപര നാമം സ്വന്തമായ ശര്‍മ്മ മന്ത്രിസഭയെ വി.എസിനോട് ഏറ്റവും കൂറു പുലര്‍ത്തുമെന്നത് ഉറപ്പ്.

വി.എസ്. പക്ഷക്കാരനും എറണാകുളം ജില്ലയില്‍ നിന്നുമുള്ള സംസ്ഥാന കമ്മിറ്റിയംഗവുമായ മുന്‍ മേയര്‍ സി.എം. ദിനേശ് മണിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ ആദ്യം ധാരണയുണ്ടായിരുന്നെങ്കിലും ആദ്യത്തെ തവണയെന്ന പോലെ അപ്രതീക്ഷിതമായി ശര്‍മ്മയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശര്‍മ്മ മികച്ച സംഘാടകനായാണ് അറിയപ്പെടുന്നത്. ശര്‍മ്മ ഡി.വൈ.എഫ്.ഐ സെക്രട്ടറിയായിരിക്കെയാണ് മനുഷ്യചങ്ങല, മനുഷ്യകോട്ട പരിപാടികള്‍ ഡി.വൈ.എഫ്.ഐ അവതരിപ്പിച്ചത്.

നായനാര്‍ മന്ത്രിസഭയില്‍ ശര്‍മ്മ സഹകരണ മന്ത്രിയായിരിക്കെയാണ് കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ആരംഭിച്ചത്. വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥയായ ആശയാണ് ഭാര്യ. രാകേശ്, രേശ്മ എന്നിവര്‍ മക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :