മുല്ലക്കര - മന്ത്രിയായി രംഗപ്രവേശം

WEBDUNIA|

നിയമസഭയിലെ കന്നി പ്രവേശത്തില്‍ തന്നെ മന്ത്രിക്കുപ്പായം അണിയുകയെന്ന നിയോഗമാണ് കൊല്ലം കുമ്മിള്‍ മുല്ലക്കര കോമളത്ത് പുരുഷോത്തമന്‍റെയും സുലോചനയുടെയും മകനായ മുല്ലക്കര രത്നാകരനെ (51) കാത്തിരിക്കുന്നത്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വിപ്ളവ ചൂടുമായി സി.പി.ഐയുടെ നേതൃ നിരയിലേക്ക് ഉയര്‍ന്ന രത്നാകരന്‍ 91ല്‍ പുനലൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അതിലും തിളക്കമാര്‍ന്ന വിജയവുമായാണ് ചടയമംഗലത്തെ ഇത്തവണ പ്രതിനിധീകരിക്കുന്നത്.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ്, ദേശീയ വൈസ് പ്രസിഡന്‍റ്, സി.പി.ഐ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രത്നാകരന്‍ നിലവില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

അടയമണ്‍ എല്‍.പി.എസ്., വയ്യാറ്റിന്‍കര യു.പി.എസ്, വര്‍ക്കല എസ്.എന്‍. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ രത്നാകരന് പക്ഷെ ബി.എ പൂര്‍ത്തിയാക്കാനായില്ല. 1975ല്‍ എ.ഐ.വൈ.എഫ് അംഗമായാണ് രത്നാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 77ല്‍ സി.പി.ഐ അംഗമായി. 86ല്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് എ.ഐ.വൈ.എഫ് നടത്തിയ ജാഥാ ക്യാപ്റ്റനായിരുന്നു.

രക്തപ്രതിജ്ഞ, ആയോധ്യയിലേക്കുള്ള സ്നേഹമതില്‍, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്നീ പരിപാടികളുടെ മുഖ്യ സംഘാടകനായിരുന്നു. കടയ്ക്കല്‍ സി.പി.എച്ച്.എസ് അധ്യാപികയായ ഗീതയാണ് ഭാര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :