എം.എ.ബേബി - മന്ത്രിസഭയുടെ സാംസ്കാരിക മുഖം

WEBDUNIA|

ഇടതുപക്ഷത്തിന്‍റെ സാംസ്കാരിക വീഥികളില്‍ നിത്യ സാന്നിധ്യമായ എം.എ.ബേബി നിയമസഭയിലെത്തുന്നത് ഇത് ആദ്യമായാണ്. ആന്‍റണി മന്ത്രിസഭയിലെ പ്രമുഖനും കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസനെ കുണ്ടറയില്‍ മലര്‍ത്തിയടിച്ചാണ് ബേബി നിയമസഭയിലെത്തുന്നത്.

കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയായ ബേബി പരേതനായ മുന്‍ അധ്യാപകന്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ട് മക്കളില്‍ ഇളയവനാണ്. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബേബിക്ക് ബിരുദപഠനം പൂര്‍ത്തിയാക്കാനായില്ല.

കോളജ് ആര്‍ട്സ്ക്ളബ് സെക്രട്ടറിയായിരുന്നു. ഒട്ടേറെ പ്രസംഗ, ഡിബേറ്റ് മത്സരങ്ങളില്‍ സമ്മാനം നേടിയ ബേബി കോഴ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് ആദ്യം അറസ്റ്റ് വരിക്കുന്നത്. അടിയന്തരാവസ്ഥയില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരിക്കെ പ്രതിഷേധ സമരം നടത്തിയതിന് 22 ദിവസം ജയില്‍വാസം അനുഭവിച്ചു.

എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, ദേശീയ പ്രസിഡന്‍റ് ഡി.വൈ.എഫ്.ഐ ദേശീയ ജോയിന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബേബി സി.പി.എം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാണ്.

1986ലും 92ലും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. സ്വരലയ കലാ-സാംസ്കാരിക സംഘടനയുടെ സ്ഥാപകന്‍, ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി സ്ഥാപക കണ്‍വീനര്‍, മാനവീയം സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രസംഗിച്ചു.

നോം ചോംസ്കി, നൂറ്റാണ്ടുകളിലൂടെ, ലോക യുവജന പ്രസ്ഥാനം എന്നീ കൃതികളുടെ കര്‍ത്താവാണ്. കൈരളി ടി.വി. പ്രോഗ്രാം പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബെറ്റി ലൂയിസ് ബേബിയാണ് ഭാര്യ. ചലച്ചിത്ര നടനായ അശോക് മകനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :