യൂട്യൂബ് അങ്ങിനെ ആളാകേണ്ടെന്ന് ഫേസ്‌ബുക്ക്!

കാലിഫോര്‍ണിയ| WEBDUNIA|
PRO
PRO
ചെറിയ വീഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡുചെയ്യാനും ആസ്വദിക്കാനുമുള്ള ഗൂഗിളിന്റെ യൂട്യൂബെന്ന വീഡിയോ ഷെയറിംഗ് സൈറ്റ് വന്‍ കുതിപ്പിലാണ്. ഇപ്പോള്‍ മുഴുനീള ചിത്രങ്ങളും യൂട്യൂബില്‍ ലഭ്യം. സല്‍‌മാന്‍ ഖാന്‍ നായകനായി അഭിനയിച്ച ദബാംഗ് ഈയടുത്ത ദിവസമാണ് യൂട്യൂബില്‍ റിലീസായത്. ഇടക്കിടെ വരുന്ന പരസ്യങ്ങള്‍ ഒഴിച്ചാല്‍ സിനിമാപ്രേമികള്‍ക്ക് യൂട്യൂബ് ഒരു വരമാണ്. സൌജന്യമായി പുതിയ സിനിമ ആസ്വദിക്കാന്‍ ഉള്ള എളുപ്പമാര്‍ഗമായി മാറുകയാണ് യൂട്യൂബ്. ഇതൊക്കെ കണ്ടിട്ടാകണം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിന് കലിയിളകിയത്. പുതിയ സിനിമകളെന്താ ഫേസ്‌ബുക്കില്‍ കയറില്ലേ എന്നാണ് അവരുടെ ചോദ്യം. ഇതിനായി വാര്‍ണര്‍ ബ്രദേഴ്സിനെ മുട്ടിയിരിക്കുകയാണ് ഫേസ്ബുക്ക്.

തങ്ങളുടെ പുതിയ സിനിമകളില്‍ ചിലതെല്ലാം ഫേസ്‌ബുക്കിന് വില്‍‌ക്കാനോ വാടകയ്ക്ക് നല്‍‌കാനോ തയ്യാറാണെന്ന് വാര്‍ണര്‍ ബ്രദേഴ്സ് സമ്മതം അറിയിച്ചുകഴിഞ്ഞു. 2008-ല്‍ ഏറ്റവും കളക്ഷന്‍ ഉണ്ടാക്കിയ ദ് ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രം തുടക്കത്തില്‍ ഫേസ്‌ബുക്കിലൂടെ പ്രദര്‍ശിപ്പിക്കാനായി നല്‍‌കാമെന്ന് വാര്‍ണര്‍ ബ്രദേഴ്സ് ഓഫര്‍ നല്‍‌കിക്കഴിഞ്ഞു. അടുത്ത മാസങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നല്‍കാന്‍ തയാറാണെന്നും അത് ഏതൊക്കെ എന്ന് ഉടന്‍ അറിയിക്കുമെന്നും വാര്‍ണര്‍ ബ്രദേഴ്സ് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്‍റ് തോമസ് ഗെവെക്കെ പറയുന്നു.

ഇതിനായൊരു പദ്ധതി തന്നെ ഫേസ്ബുക്കിന് വാര്‍ണര്‍ ബ്രദേഴ്സ് നല്‍‌കിക്കഴിഞ്ഞു. ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്ന സിനിമയ്ക്കെല്ലാം ആ സിനിമയുടെ പേരില്‍ തന്നെ ഫേസ്‌ബുക്കില്‍ ഒരു പേജ് ഓപ്പണ്‍ ചെയ്യും. ആ പേജില്‍ ലൈക് എന്ന ഐക്കണില്‍ ആദ്യം ക്ലിക്ക് ചെയ്യണം. പിന്നെ റെന്‍റില്‍ ക്ലിക്ക് ചെയ്ത് മൂന്നു ഡോളര്‍ ക്രെഡിറ്റ് ചെയ്താല്‍ നാല്‍പ്പത്തെട്ടു മണിക്കൂര്‍ സമയത്തേക്ക് ആ ചിത്രം ഓപ്പണ്‍ ചെയ്യാം. വരുമാനത്തിന്‍റെ മുപ്പതു ശതമാനം ഫെയ്സ് ബുക്കിനു ലഭിക്കും. എന്നാല്‍ ഫേസ്‌ബ്ഉക്കിന്റെ പദ്ധതി മറ്റൊന്നാണെന്ന് അറിയുന്നു.

യൂട്യൂബിലേത് പോലെ സൌജന്യ സിനിമ നല്‍‌കിയാലെന്താ എന്നാണ് ഫേസ്ബുക്ക് സിനിമാ നിര്‍മാണക്കമ്പനികളോട് ചോദിക്കുന്നത്. ടെലിവിഷനില്‍ എന്നപോലെ സിനിമയ്ക്കിടയില്‍ പരസ്യം നല്‍‌കി വരുമാനം ഉണ്ടാക്കാം. ഈ വരുമാനം സിനിമാ നിര്‍മാണക്കമ്പനികളുമായി ഫേസ്‌ബുക്ക് പങ്കുവയ്ക്കുകയും ചെയ്യും. ഫേസ്‌ബുക്കിന്റെ യൂട്യൂബിനോടുള്ള കലി കണ്ടതോടെ പല ഹോളിവുഡ് സിനിമാ നിര്‍മ്മാണക്കമ്പനികളും ഫേസ്‌ബുക്കിനെ സമീപിച്ചിട്ടുണ്ട് എന്നറിയുന്നു. കാരണം, എന്നും ഗൂഗിളിനെ മുട്ടുകുത്തിച്ച ചരിത്രമാണല്ലോ ഫേസ്‌ബുക്കിനുള്ളത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :