പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലാണ്!

സിഡ്നി| WEBDUNIA| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2010 (16:14 IST)
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ശ്രദ്ധയോടെ, സൂക്‍ഷമമായി ഉപയോഗിക്കുന്നത് സ്ത്രീകള്‍ ആണെന്ന് സര്‍വെ. ഓസ്ട്രേലിയയില്‍ നടന്ന സര്‍വെ പ്രകാരം സ്ത്രീകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ സ്റ്റാറ്റസ് സന്ദേശങ്ങള്‍ ശ്രദ്ധയോടെ, നിത്യവും മാറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് കാണിക്കുന്നത്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം സ്ത്രീകളും സ്ഥിരമായി നെറ്റ് സന്ദര്‍ശിക്കുന്നവരാണ്.

സര്‍വെയില്‍ പങ്കെടുത്ത 420 പേരില്‍ 69 ശതമാനം സ്ത്രീകളും ഫേസ്ബുക്കിലെ സ്റ്റാറ്റസ് സന്ദേശം പുതുക്കുന്നതില്‍ ശ്രദ്ധിക്കുന്നവരാണെന്ന് കണ്ടെത്തി. എന്നാല്‍, സര്‍വെയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഥിരമായി ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യുന്നത്. ഓസ്ട്രേലിയയിലെ ഗ്യാലക്സി ഗവേഷണ കേന്ദ്രമാണ് സര്‍വെ നടത്തിയത്.

ആഗോളതലത്തില്‍ നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മിക്ക യുവതികളും മൊബൈല്‍ വഴി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ഇ-മെയിലും ഉപയോഗിക്കുന്നവരാണ്. യുവതികളില്‍ മൂന്നില്‍ ഒന്ന് പേരും കിടക്കപായയില്‍ നിന്ന് എണീറ്റാല്‍ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശനം നടത്തുന്നവരാണ്. പതിനെട്ട് മുതല്‍ 34 വയസ്സ് പ്രായമുള്ള സ്ത്രീകളാണ് കൂടുതലായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും സര്‍വെയില്‍ കണ്‍ടെത്തിയിരുന്നു.

നെറ്റ് ഉപയോഗിക്കുന്ന യുവതികളില്‍ മിക്കവരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് അടിപ്പെട്ടിരിക്കുകയാണെന്ന് ഓക്സിജന്‍ മീഡിയ ആന്‍ഡ് ലൈറ്റ്സ്പീഡ് റിസര്‍ച്ച് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010 മെയ്, ജൂണ്‍ മാസങ്ങളില്‍ സ്ഥിരമായി നെറ്റ് ഉപയോഗിച്ചിരുന്ന 1,605 സ്ത്രീകളെയാണ് സര്‍വെക്കായി തെരഞ്ഞെടുത്തത്. ഇവരുടെ സ്വഭാവങ്ങളും ജീവിത രീതികളും പഠനത്തിന് വിധേയമാക്കുകയായിരുന്നു.

പതിനെട്ടിനും 34 വയസ്സിനും ഇടയിലുള്ള 21 ശതമാനം സ്ത്രീകളും അര്‍ദ്ധ രാത്രിയില്‍ പോലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരില്‍ തന്നെ 42 ശതമാനം പേരും മദ്യം കഴിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവതികളില്‍ 79 പേരും തങ്ങളുടെ കാമുകനുമൊത്തുള്ള ചുംബന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വെ കണ്ടെത്തി.

മിക്ക യുവതികളും അന്യരായ ഫേസ്ബുക്ക് സുഹൃത്തുക്കളെ സ്വീകരിക്കാന്‍ തയ്യാറാകുന്നു. അമ്പത് ശതമാനം യുവതികളുടെയും സോഷ്യല്‍ നെറ്റ്വര്‍ക്ക് സുഹൃത്തുക്കള്‍ അന്യന്മാരാണ്. ഫേസ്ബുക്ക് യുവതികളില്‍ 63 ശതമാനം പേരും പുതിയ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഡേറ്റിംഗ് സുഹൃത്തുക്കളെ തേടുന്നവരാണ്. 65 ശതമാനം പുരുഷന്മാരും ഫേസ്ബുക്ക് ഡേറ്റിംഗ് സുഹൃത്തില്‍ പൂര്‍ണ തൃപ്തരാണ്. അതേസമയം, 50 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഡേറ്റിംഗ് സുഹൃത്തിനെ പൂര്‍ണമായി സ്നേഹിക്കുന്നത്.

ഫേസ്ബുക്ക് യുവതികളില്‍ ഒമ്പത് ശതമാനം പേര്‍ തങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. അതേസമയം, 24 ശതമാനം പേരും പെണ്‍ സുഹൃത്തിനെ ഒഴിവാക്കാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നു. ഫേസ്ബുക്കിലെ വ്യക്തി സുരക്ഷാ ഭീതി വര്‍ധിച്ചുവരികയാണ്.

ഓണ്‍ലൈന്‍ സുരക്ഷയില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടതായി മിക്ക ഉപയോക്താക്കളും പരാതിപ്പെടുന്നു. ഇതേത്തുടര്‍ന്ന് 16 ശതമാനം അംഗങ്ങള്‍ ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തി. നിലവില്‍ ഫേസ്ബുക്കില്‍ 500 ദശലക്ഷം അംഗങ്ങള്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :