വനിതാ ദലൈലാമയ്ക്ക് ആകര്‍ഷകത്വം വര്‍ദ്ധിക്കുമെന്ന് ദലൈലാമ. മൂന്ന് ദിന കാനഡ സന്ദര്‍ശനത്തിന്റെ അവസാനം, ടൊറന്റോയില്‍ പുതുതായി നിര്‍മ്മിച്ച ടിബറ്റന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ടിബറ്റന്‍ ആത്മീയാചാര്യന്‍.
അടുത്ത ദലൈലാമ സ്ത്രീ ആയിരിക്കുമോ എന്ന ചോദ്യത്തിനോട്, ‘സ്ത്രീയുടെ അവതാരം കൂടുതല്‍ പ്രയോജനപ്രദമാകുമെങ്കില്‍ എന്തുകൊണ്ട് ആയിക്കൂട‘ എന്നായിരുന്നു ടിബറ്റന്‍ ആത്മീയാചാര്യന്റെ മറുപടി. സ്ത്രീകള്‍ മറ്റുള്ളവരുടെ വേദനയെ കുറിച്ച് കൂടുതല്‍ കരുതല്‍ ഉള്ളവരായിരിക്കും എന്ന് പറഞ്ഞ അദ്ദേഹം വനിതാ ദലൈലാമയ്ക്ക് തന്നെക്കാള്‍ ആകര്‍ഷകത്വം ഉണ്ടായിരിക്കുമെന്ന് പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി.
തമാശ കൈവിടാതെ സംസാരം തുടര്‍ന്ന ദലൈലാമ താന്‍ മനുഷ്യാവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹനാണെങ്കില്‍ വിരമിക്കുന്നതിന് ആഗ്രഹിക്കുന്നു എന്നും വിശ്രമ ജീവിതത്തിനുള്ള സമയമായി എന്നും പറഞ്ഞു. താന്‍ ഏറ്റവും നല്ല ലാമയും ഏറ്റവും മോശം ലാമയും അല്ല എന്നും എന്നാല്‍ ഏറ്റവും ജനകീയ ലാമയാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ആകാശത്ത് നിന്ന് പൊട്ടിവീഴില്ല എന്ന് പറഞ്ഞ ടിബറ്റന്‍ ആത്മീയ നേതാവ്, സംഭാഷണത്തിലൂടെയും ചര്‍ച്ചയിലൂടെയും മാത്രമേ സമാധാനം സ്ഥാപിക്കുന്നതിന് കഴിയൂ എന്ന് ചൂണ്ടിക്കാട്ടി. പതിനാറാം വയസ്സില്‍ തനിക്ക് സ്വാതന്ത്ര്യം നഷ്ടമായെന്നും ഇരുപത്തിനാലാം വയസ്സില്‍ സ്വന്തം രാജ്യം നഷ്ടമായെന്നും ഇപ്പോള്‍ അഴുപ്ത്തിയഞ്ചാം വയസ്സില്‍ താന്‍ വാക്കുകളുടെയും സംഭാഷണത്തിന്റെയും ശക്തി തിരിച്ചറിയുകയാണെന്നും ലാമ പറഞ്ഞു.
കാനഡയില്‍ 5,000 ടിബറ്റ് വംശജര്‍ താമസിക്കുന്നു. രാജ്യം ലാമയ്ക്ക് പൌരത്വം നല്‍കി ആദരിച്ചിട്ടുണ്ട്.