കലൈഞ്ജര്‍ ടിവിയെയും സിബി‌ഐ വിട്ടില്ല!

ചെന്നൈ| WEBDUNIA|
PRO
PRO
കരുണാനിധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയുടെ ചെന്നൈ ഓഫീസില്‍ വ്യാഴാഴ്ച രാത്രി സിബിഐ റെയ്ഡ് നടന്നു. 2ജി സ്‌പെക്‍ട്രം കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. തമിഴകത്തില്‍ കോണ്‍‌ഗ്രസിന്റെ കൂട്ടുകക്ഷിയായ ഡി‌എം‌കെയുടെ ടെലിവിഷന്‍ ചാനലില്‍ തന്നെ സി‌ബി‌ഐ കൈവച്ചത് ഡി‌എം‌കെയെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അവസാനിച്ചത്.

മുംബൈ ആസ്ഥാനമായ ഡിബി ഗ്രൂപ്പില്‍ നിന്നും കലൈഞ്ജര്‍ ടിവിക്കു ലഭിച്ച 206.25 കോടിയുടെ ഇടപാടു രേഖകള്‍ക്കുവേണ്ടിയായിരുന്നു റെയ്ഡ് നടന്നത്. പരിശോധനയില്‍ പല സുപ്രധാന രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

കലൈഞ്ജര്‍ ടിവി മാനേജിംഗ് ഡയറക്‌ടര്‍ ശരത്‌കുമാറിനെ സിബിഐ സംഘം ചോദ്യം ചെയ്തു. സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരത്‌കുമാര്‍ നേരത്തെ നിഷേധിച്ചിരുന്നു. ട്രോപ്പിക്കല്‍ എന്ന ഡിസ്റ്റിലറിയുടെ ഉടമ കൂടിയാണ് ശരത്‌കുമാര്‍. ഇതിന് തമിഴ്നാട് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ ആരോപണ വിധേയരായ ഷാഹിദ് ഉസ്മാന്‍ ബാല്‍വയുമായോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വാന്‍ ടെലികോമുമായോ ചാനലിന് ബന്ധമില്ലെന്നും ശരത്‌കുമാര്‍ പറയുന്നു. എന്നാല്‍ കലൈഞ്ജര്‍ ടിവിക്ക് സ്വാന്‍ ടെലികോമില്‍ നിന്ന് അനധികൃത പണം ലഭിച്ചിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഡല്‍ഹിയില്‍ നിന്നുളള സിബിഐ യുടെ അഞ്ചംഗ പ്രത്യേക സംഘമാണു റെയ്ഡ് നടത്തിയത്.

തമിഴകത്ത് ഡി‌എം‌കെ ആകെ നാറിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ ഡി‌എം‌കെയെ കൈവയ്ക്കുന്നത് തുടര്‍ന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറുമെന്നാണ് കരുതപ്പെടുന്നത്. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി‌എം‌ഡി‌കെയും കോണ്‍‌ഗ്രസ് നേതൃത്വവും പുതിയ മുന്നണിയെ പറ്റി രഹസ്യചര്‍ച്ചകള്‍ നടത്തുന്നതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :