ലോകത്തിലെ ഏറ്റവും ചെറുതെന്ന് അവകാശപ്പെടാവുന്ന കമ്പ്യൂട്ടറുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു മനുഷ്യന്റെ കണ്മിഴിക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാവുന്ന വലിപ്പം മാത്രമാണ് ഇതിനുള്ളത്. ഒരു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള കുഞ്ഞു കമ്പ്യൂട്ടര് ചതുരാകൃതിയിലുള്ളതാണ്. ഇതു കണ്ണില്‍ ഫിറ്റു ചെയ്ത് ഗ്ലൂക്കോമക്ക് ചികിത്സിക്കാനാവുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
മിഷിഗന്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ കുഞ്ഞന്‍ പ്രഷര്‍ മോണിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.നേത്രങ്ങളെ ബാധിക്കുന്ന ഗ്ലോക്കോമ എന്ന അസുഖം ചികിത്സിച്ച് മാറ്റാനാവും ഇത് പ്രധാനമായും ഉപയോഗിക്കുക. അള്‍ട്രാ ലോ പ്രഷര്‍ മൈക്രോപ്രൊസസ്സര്‍, പ്രഷര്‍ സെന്‍സര്‍, മെമ്മറി, ബാറ്ററി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കമ്പ്യൂട്ടര്‍ സംവിധാനം. വിവരങ്ങള്‍ കൈമാറുന്നതിനായി ആന്റിന ഉള്‍പ്പെടുന്ന വയര്‍ലസ് റേഡിയോയും സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെല്ലും ഇതിന്റെ ഭാഗമായുണ്ട്.
എന്നാല്‍ ഈ റേഡിയോ ട്യൂണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ല. ഇതിലെ റേഡിയോയില്‍ ഫ്രീക്വന്‍സികള്‍ തെരഞ്ഞെടുക്കാന്‍ ട്യൂണ്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും വയര്‍ലെസ് കമ്പ്യൂട്ടറുകളുടെ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്നും ഇതിന്‍റെ നിര്‍മ്മാതാക്കളായ പ്രൊഫസര്‍മാരായ ഡെന്നീസ് സില്‍വസ്റ്റര്‍, ഡേവിഡ് ബ്ലാവ്, ഡേവിഡ് വെന്‍റ്സോള്‍ഫ് എന്നിവര്‍ പറഞ്ഞു.
ഇതുപയോഗിച്ച് ഡാറ്റ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റാനും കഴിയും. കമ്പ്യൂട്ടര്‍ വ്യവസായത്തിന്‍റെ ഭാവിയെത്തന്നെ ഇത് മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. കണ്ണില്‍ ഘടിപ്പിക്കാനാവുന്ന മോണിറ്ററില്‍ക്കൂടി ഗ്ലൂക്കോമ രോഗത്തിന്‍റെ പുരോഗതിയും അന്ധതയും കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി ചാര്‍ജു ചെയ്യണമെങ്കില്‍ അകത്തെ വെളിച്ചത്തില്‍ പത്തു മണിക്കൂറും സൂര്യപ്രകാശത്തില്‍ ഒന്നര മണിക്കൂറും വെച്ചാല്‍ മതിയാകും. 5.5 നാനോവാട്ട് ഊര്‍ജം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരാഴ്ച്ചവരെയുള്ള വിവരങ്ങള്‍ ശേഖരിച്ചു വെക്കാനും ഇതിനാകും. ഇത്തരത്തിലുള്ള മെഷീനുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നും ഇവര്‍ പറഞ്ഞു.
മലിനീകരണം തടയാനും ഒരു വസ്തുവിന്റെ പ്രവര്‍ത്തന ശേഷി കൂട്ടനുള്ള പര്യവേഷണങ്ങള്‍ക്കുമൊക്കെയായി ഇവ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതിസൂക്ഷ്മമായ വസ്തുക്കളെക്കുറിച്ച് പഠിക്കാനും ഇതുപകരിക്കും. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ തന്നെ വന്‍ കുതിച്ചു ചാട്ടത്തിന് വഴിമരുന്നിടുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ ഇവ വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുക്കും.