വിവരസാങ്കേതികവിദ്യയോട് മുസ്ലീങ്ങള്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് ആരോപണങ്ങളുണ്ട്. എന്നാല്‍ പല രാഷ്‌ട്രീയ സംഘടനകള്‍ക്കും വെബ്‌സൈറ്റ് ഇല്ലാതിരിക്കെ, ‘ഇന്ററാക്‌ടീവ്’ വെബ്‌സൈറ്റൊരുക്കി അണികളോടും പൊതുജനങ്ങളോടും സംവദിക്കുകയാണ് മുസ്ലിംലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. നിലപാട് ഡോട്ട് കോം (nilapadu.com) എന്നാണ് സൈറ്റിന്റെ വിലാസം. വെബ്‌സൈറ്റിലൂടെ കുഞ്ഞാലിക്കുട്ടിയോടു ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ട്.
ഇപ്പോള്‍ പരിമിത വിഭവങ്ങള്‍ മാത്രമാണ് സൈറ്റിലുള്ളത്. ഈ മാസം അവസാനത്തോടെ വെബ്‌സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തനസജ്‌ജമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ‘പുതിയ പോരാട്ടത്തിന് സമയമായി’ എന്ന പേരില്‍ കുഞ്ഞാലിക്കുട്ടി ഈ സൈറ്റില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. നാടിനെ ദ്രോഹിച്ചവര്‍ക്കെതിരായ ജനവിധിക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്താന്‍ ഈ ലേഖനത്തിലൂടെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്യുന്നു.
“കേരളത്തെ വിവിധമേഖലകളില്‍ പുരോഗതിയിലെത്തിച്ചതിന്റെ പിന്നിലെ ഏറ്റവും വലിയ ശക്തി പ്രവാസികളാണ്. കുടുംബഭാരം ചുമലിലേറ്റി കടല്‍കടന്നുപോയവര്‍ നാടിന്റെ വികസത്തിലും പങ്കാളികളായി. എന്നാല്‍ പ്രവാസികളെ പിഴിയാനല്ലാതെ അവര്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാറിനായിട്ടില്ല. പ്രവാസികളെ കറവപശുക്കളായാണ് സര്‍ക്കാര്‍ കണക്കാക്കിയത്. പത്തും മുപ്പതും കൊല്ലം മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് ചോരയും നീരും വറ്റി തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളുണ്ടായേ തീരൂ” - കുഞ്ഞാലിക്കുട്ടി എഴുതുന്നു.
കുഞ്ഞാലിക്കുട്ടിയോട് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. അടിസ്‌ഥാന സൗകര്യവികസനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, വിനോദസഞ്ചാരം, വിവരസാങ്കേതിക മേഖലകളിലെല്ലാം വളര്‍ച്ചയുടെ പുതുനാളുകള്‍ക്കുവേണ്ടി ശ്രമിക്കുമെന്നും വെബ്‌സൈറ്റിലൂടെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കുന്നു.