മുസ്ലിം ലീഗിനെ സഹായിച്ച് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പി ഡി പിയോട് ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പി ഡി പിയുടെ പിന്തുണ മുസ്ലിം ലീഗിനു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് പറഞ്ഞിരുന്നു. ഇതിനു മറുപടി പറയവേയാണ് ‘ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്’ എന്ന് കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചത്. പി ഡി പിയ്ക്കെതിരായ ലീഗ് നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മദനിയെ സ്നേഹിക്കുന്നവരുടെ വോട്ട് യു ഡി എഫിന് ലഭിച്ചെന്ന പൂന്തുറ സിറാജിന്റെ പ്രസ്താവനയ്ക്ക് എതിരെ പി ഡി പി നേതാവ് ഗഫൂര്‍ പുതുപ്പാടി രംഗത്തെത്തി. സിറാജിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്നും യു ഡി എഫിന് വോട്ടുചെയ്യാനോ ഇത്തരമൊരു നിലപാടു സ്വീകരിക്കാനോ പി ഡി പി തീരുമാനിച്ചിട്ടില്ലെന്നും ഗഫൂര്‍ പുതുപ്പാടി വ്യക്തമാക്കി.
അബ്ദുല്‍ നാസര്‍ മദനിയെ സ്നേഹിക്കുന്നവരും പി ഡി പി അനുഭാവികളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനാണ് വോട്ടു ചെയ്തതെന്ന് പൂന്തുറ സിറാജ് ഇന്ന് കൊല്ലത്ത് പറഞ്ഞിരുന്നു. മദനിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുമ്പ് കൈക്കൊണ്ട സമീപനം പോലും വി എസ് അച്യുതാനന്ദന്റെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല - സിറാജ് പറഞ്ഞു.
എന്നാല്‍, മദനിയെ സ്നേഹിക്കുന്നവര്‍ മന്ദബുദ്ധികളല്ലെന്നും സിറാജിന്റെ പ്രസ്താവന അദ്ദേഹത്തിന്റേതു മാത്രമാണെന്നും സംഘടനയുടേതല്ലെന്നും ഗഫൂര്‍ പുതുപ്പാടി വ്യക്തമാക്കി.