തോമസിന്‍റെ നിലപാട് മോശം: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (12:50 IST)
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേന്ദ്രസഹമന്ത്രി കെ വി തോമസിന്‍റെ നിലപാട് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കേരളാ എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പേരുടെ മരണത്തിനും കണക്കില്ലാത്തത്ര നാശനഷ്ടങ്ങള്‍ക്കും കാരണമായ എന്‍ഡോസള്‍ഫാന് അനുകൂലമായ കെ വി തോമസിന്‍റെയും കേന്ദ്രത്തിന്‍റെയും നിലപാട് തിരുത്താന്‍ എം പിമാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ എന്ന കാര്യം വിശദമായ പഠനത്തിന് ശേഷമേ തീരുമാനിക്കൂവെന്ന് കഴിഞ്ഞദിവസം കെ വി തോമസ് പറഞ്ഞിരുന്നു. ഇത് മനുഷ്യരില്‍ രോഗങ്ങള്‍ സൃഷ്ടിക്കുമെന്നതിന് തെളിവുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും തോമസിനെതിരെയും കേന്ദ്രത്തിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതങ്ങളുടെ ജീവിക്കുന്ന ഇരകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഇത് അറിയാമായിരുന്നിട്ടും കേന്ദ്രസര്‍ക്കാരും കേന്ദ്രസഹമന്ത്രി കെ വി തോമസും എടുത്ത നിലപാട് യോജിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാനെതിരായ ഏറ്റവും വലിയ സാക്ഷികള്‍ ദുരിതം അനുഭവിച്ച ജനങ്ങളാണ്.

പല സംഘടനകളും നടത്തിയ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി പറഞ്ഞിട്ടുണ്ട്. 76 ഓളം രാജ്യങ്ങള്‍ ഇതിനകം നിരോധിച്ചുകഴിഞ്ഞ ഒരു കീടനാശിനി നിരോധിക്കുന്നതിന് എതിരെ കേന്ദ്രം നിലപാടെടുത്തത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :