രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 3 സർക്കാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഏപ്രില്‍ 2022 (18:11 IST)
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്‌തതിന് പിന്നാലെ യുജിസിയുടെ അക്കൗണ്ടും ഹാക്ക് ചെയ്‌തു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു.

ഇന്നും ഇന്നലെയുമായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളാണ് സമാനമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കർമാർ പ്രൊഫൈൽ ചിത്രം മാറ്റി കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രം പകരം വെയ്ക്കുകയും അക്കൗണ്ടിൽ നിന്ന് ട്വീറ്റുകൾ ചെയ്യുകയും ചെയ്‌തിരുന്നു. നാല് മണിക്കൂർ നേരം അക്കൗണ്ട് ഹാക്കർമാരുടെ കൈവശമായിരുന്നു.

ഇതിന് പിന്നാലെ വൈകീട്ട് കാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. അഞ്ച് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് രാത്രി 10 മണിയോടെയാണ് വീണ്ടെടുത്തത്. ഇതിനെ‌ല്ലാം പിന്നാലെയാണ് ഇന്ന് രാവിലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്.മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. യുപി സർക്കാർ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :