മൊബൈൽ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വരുന്നൂ ഇ- സിമ്മുകള്‍

VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (14:16 IST)
മൊബൈൽ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിം കാർഡുകൾ നിലവിൽ വന്നത് 25 വർഷം മുൻപാണ്. 1991ലാണ് ജർമൻ സ്മാർട് കാർഡ് നിർമാതാക്കളായ ജീസെക്ക് ആൻഡ് ഡെറിയെന്റ് ഫിന്നിഷ് ആണ് അന്ന് ലോകത്ത് അദ്യമായി സിം കാര്‍ഡ് അവതരിപ്പിച്ചത്. എന്നാല്‍ അതിനു ശേഷം ഫോണുകള്‍ സ്മാര്‍ട്ടാവുകയും കാര്യങ്ങള്‍ വളരെവേഗത്തില്‍ മാറിമറിയുകയും ചെയ്തപ്പോഴും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളില്ലാതെ നില്‍ക്കുകയായിരുന്നു സിം കാര്‍ഡുകള്‍.

മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ മാറ്റങ്ങള്‍ വന്നു എന്നതല്ലാതെ പറയത്തക്ക മാറ്റം ഈ കുഞ്ഞന്‍ വിപ്ലവകാരിയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സിം കാർഡ് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാകാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. അതായത് ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല എന്നര്‍ഥം. അതായത് ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം ഇനി ഉണ്ടാകും.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മൊബൈൽ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎയാണ് ഈ പുതിയ ആശയത്തിനു പിന്നില്‍. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി അവസാനവട്ട ചർച്ചകളിലാണ്. അടുത്ത വർഷം ആദ്യത്തോടെ ഇ-സിം സംവിധാനത്തിലുള്ള ഫോണുകൾ വിപണിയിലെത്തുമെന്നാണ് സൂചന.

ഇ- സിം യാഥാര്‍ഥ്യമാകുന്നതൊടെ കണക്ഷനുകള്‍ എടുക്കുമ്പോള്‍ സിം കാര്‍ഡിനു പകരം സിമ്മിന്റെ ഐഡിഇ നമ്പര്‍ ഫോണില്‍ സ്ഥാപിച്ചിട്ടുള്ള ഇ- സിമ്മില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ അതിനു പകരം പഴയ
ഐഡിഇ മാറ്റി പുതിയത് രേഖപ്പെടുത്താം. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. അതായത് ഇ- സിം എന്നത് ഫോനിന്റെ സര്‍ക്യൂട്ട് ബോര്‍ഡിന്റെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കും. അതൊടെ സിം കാര്‍ഡ് എന്നത് വെറും സങ്കല്‍പ്പമായി മാറും. അത് വെറും നമ്പരുകളും അക്ഷരങ്ങളും മാത്രമുള്ള ഒരു സങ്കേതമായി പരിണമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :