aparna shaji|
Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (16:11 IST)
നോക്കിയ 3310 മൊബൈൽ ഫോണും ഒപ്പമിറങ്ങിയ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ സ്മാർട്ഫോണുകളും ഇന്ത്യൻ വിപണിയിലേക്ക്. ജൂൺ ആദ്യവാരത്തോടെ ഇവ ഇന്ത്യൻ വിപണിയിലെത്തും. ഏകദേശം 3500 രൂപ വിലയുള്ള 3310 ഫോൺ അതിലും കുറഞ്ഞ വിലയിൽ നൽകാനാണ് കമ്പനിയുടെ തീരുമാനം.
ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനായി എച്ച്എംഡി ഗ്ലോബൽ ലക്ഷ്യം വെച്ചിരിക്കുന്നത് ചെന്നൈ ആണ്. ചെന്നൈയിൽ നിലവിലുള്ള പഴയ നോക്കിയ ഫാക്ടറിയിൽ വീണ്ടും ഉൽപാദനമാരംഭിച്ച് ഫോണുകൾ രാജ്യമൊട്ടാകെ ലഭ്യമാക്കി വിപണിയിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
കോൾ ചെയ്യാനും എസ്എംഎസ് അയക്കാനും മാത്രം സാധിക്കുന്ന നോക്കിയ 3310 ഉപയോഗിക്കുന്ന 900-1800 മെഗാഹെർട്‌സ് ബാൻഡ് വികസിത രാജ്യങ്ങളിൽ ഇന്ന് ഉപയോഗിക്കുന്നില്ല. അതിനാൽ യു എസിലെല്ലാം ഇത് ഉപയോഗ്യശൂന്യമാണ്. ഓസ്‌ട്രേലിയയും സിംഗപ്പൂരും ഈ ബാൻഡ് പ്രവർത്തനം അവസാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, 3310 ലക്ഷ്യമിടുന്നത് പ്രധാനമായും ഇന്ത്യൻ വിപണി തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.