വിപിഎന്നുകളും ക്ലൗഡ് സ്റ്റോറേജ് സർവീസുകളും ഉപയോഗിക്കരുത്: സർക്കാർ ജീവനക്കാർക്ക് മാർഗനിർദേശം

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (20:29 IST)
പുതിയ വിപിഎൻ നെറ്റ്‌വർക്കുകൾ,ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. സർക്കാർ ജീവനക്കാർക്കാണ് ഇത് ബാധകമാകുക. നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്ററും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ ഉത്തരവിന്
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെന്നാണ്
റിപ്പോർട്ട്.

വിപിഎൻ കമ്പനികൾ ദീർഘകാലം തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കണമെന്ന നിർദേശത്തിനെ തുടർന്ന് രാജ്യത്തെ ജനപ്രിയ വിപിഎൻ സർവീസുകളിൽ പലതും ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ഈ മാസം അവസാനത്തോടെ സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. വിപിഎൻ കമ്പനികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ 5 വർഷക്കാലം സൂക്ഷിക്കണമെന്നാണ് സർക്കാർ നിർദേശം. ജൂൺ 28ഓടെയാണ് ഇത് പ്രാവർത്തികമാവുക.


ടീം വ്യൂവർ, എനിഡെസ്ക് (AnyDesk),അമ്മീ (Ammyy) അഡ്മിൻ തുടങ്ങിയ അനധികൃത റിമോട്ട് അഡ്മിനിസ്ട്രേഷൻ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്നു മാറി നിൽക്കാനും സർക്കാർ ജീവനക്കാർക്കുള്ള മാർഗനിർദേശത്തിൽ പറയുന്നു. സർക്കാർ രേഖകൾ സ്കാൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പുകൾക്കും നിയന്ത്രണങ്ങളുണ്ട്. അക്കൗണ്ടുകൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത പാസ്വേഡുകൾ ഉപയോഗിക്കണമെന്നും ഇത് ഓരോ 45 ദിവസത്തെ ഇടവേളയിലും അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
താത്കാലിക കരാർ, ഔട്ട്സോഴ്സ് ജീവനക്കാർക്കും ഈ നിർദേശങ്ങൾ ബാധകമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :