ഫേസ്‌ബുക്കിന് പിന്നാലെ റഷ്യൻ മാധ്യമങ്ങളുടെ പരസ്യവരുമാനം നിർത്തിവെച്ച് യൂട്യൂബും

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (12:30 IST)
റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും പരസ്യവരുമാനം നൽകില്ലെന്ന് ഗൂഗിൾ. ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ നടപടിക്ക് പിന്നാലെയാണ് ഗൂഗിൾ നീക്കം.

നേരത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റഷ്യ ടുഡേ ചാനലിന് വരുമാനം നൽകില്ലെന്ന് ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ അനുകൂല വ്ലോഗര്‍മാര്‍ക്കും,ചാനലുകള്‍ക്കും വരുമാനം നല്‍കുന്നത് യൂട്യൂബ് നിര്‍ത്തും.

ഇതിന് പുറമേ ഇനി മുതല്‍ റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഗൂഗിളിന്റെ വിവിധ സേവനങ്ങളും, ജി-മെയില്‍ അടക്കം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ വക്താവ് മൈക്കിള്‍ അസിമാനാണ് അറിയിച്ചത്.

റഷ്യയ്ക്ക് അവരുടെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന 26 യൂട്യൂബ് ചാനലുകള്‍ വഴി 7 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനം ഗൂഗിളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ‍ഡിജിറ്റല്‍ റിസര്‍ച്ച് സ്ഥാപനമായ ഓമില്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :