ഗൂഗിള്‍ പ്ലസിന് ദയാവധം

VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (11:17 IST)
ഓര്‍കൂട്ടിനെ കുഴിച്ചു മൂടിയതിനു പിന്നാലെ തങ്ങളുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍ പ്ലിസിനേയും മരിക്കാന്‍ വിടാന്‍ ഗൂഗിള്‍ തയ്യാറെഅടുക്കുന്നു. നാലു വർഷം മുൻപാണ് ഗൂഗിൾ പ്ലസുമായി കമ്പനി രംഗത്തെത്തുന്നത്. തുടക്കത്തില്‍ 54 കോടി അംഗങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം അംഗങ്ങള്‍ 30 കോടിയായി കുറഞ്ഞു. ഗൂഗിളിന്റെ ഏത് സേവനം ഉപയോഗിക്കണമെങ്കിലും ഗൂഗിൾ പ്ലസിൽ അക്കൗണ്ടുണ്ടായിരിക്കണമെന്ന നിർദേശമായിരുന്നു ഈ സംവിധാനത്തിന് തിരിച്ചടിയുണ്ടാക്കിയതെന്ന് വിവരങ്ങളുണ്ട്.

ഈ നിര്‍ബന്ധം കാരണം പലരും ഗൂഗിൾ പ്ലസ് ഉപേക്ഷിച്ചിട്ടു പോയി, അക്കൗണ്ടില്ലാതിരുന്നവരാകട്ടെ അതിനു നേരെ ചീത്തവിളിയും തുടങ്ങി. വിഡിയോ–ഫോട്ടോ–ഗെയിമിങ് മേഖലകളിലായി ഗൂഗിളിന് സ്വന്തമായുള്ള ഒട്ടേറെ സംരംഭങ്ങളിൽ വിശ്വാസമർപ്പിച്ചായിരുന്നു ഗൂഗിൾ പ്ലസിനെ അവതരിപ്പിച്ചത്. ഗൂഗിളിന്റെ സകല ഉൽപന്നങ്ങളെയും ഒരു പ്ലാറ്റ്ഫോമിലെത്തിച്ച് അത് നിയന്ത്രിക്കുന്ന ‘സെൻട്രൽ ഹബ്’ ആക്കി ഗൂഗിൾ പ്ലസിനെ മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മേല്‍പ്പറഞ്ഞ കടും‌പിടുത്തങ്ങള്‍ ഇതിന്റെ അസ്ഥിവാരം പതിയെ തോണ്ടിത്തുടങ്ങി.

ലക്ഷ്യം പരാജയമാണെന്ന് തിരിച്ചറിഞ്ഞതൊടെയാണ് ഫേസ്ബുക്കിനെയും ട്വിറ്ററിനെയുമെല്ലാം തല്ലിത്തകർത്ത് സോഷ്യൽ നെറ്റ്‌വർക്കിങ് രംഗത്ത് വെന്നിക്കൊടി പാറിക്കാമെന്ന മോഹത്തെ തല്ലിക്കെടുത്താന്‍ ഗൂഗിള്‍ മാനസികമായി തയ്യാറെടുക്കുന്നത്. വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിയെ മരിക്കാന്‍ അനുവദിക്കുന്നതിനായി പതിയെ പതിഒയെ ഓരോ നുപകരണങ്ങള്‍ എടുത്തുമാറ്റുന്നതുപോലെ പതിയെപ്പതിയെ ‘കഴുക്കോലും വാതിലും ജനാലയുമെല്ലാം’ ഊരിയെടുത്ത് ഗൂഗിൾ പ്ലസിനെ ഓർമയാക്കാനാണു നീക്കം.

ഏതാനും മാസങ്ങൾക്കകം ഗൂഗിൾ പ്ലസിൽ പുതിയ മാറ്റങ്ങൾ വരുമെന്നാണ് ഗൂഗിൾ ഫോട്ടോസ് ആൻഡ് ഷെയറിങ് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്സ് പറയുന്നത്. സ്ട്രീംസ്, ഫോട്ടോസ്, ഷെയറിങ് അഥവാ എസ്പിഎസ് എന്ന പുതിയ രീതിയിലായിരിക്കുമത്രേ ഇനി ഇതിന്റെ പ്രവർത്തനം. അതായത് ചില പ്രത്യേക മേഖലകളിൽ താൽപര്യമുള്ള യൂസർമാരെ പരസ്പരം ബന്ധിപ്പിക്കാനുള്ള പ്ലാറ്റ്ഫോമായിരിട്ടായിരിക്കും ഇനി ഗൂഗിൾ പ്ലസിന്റെ പ്രവർത്തനം. ഉദാഹരണത്തിന്: അൺലിമിറ്റഡ് ഫോട്ടോ, വിഡിയോ സ്റ്റോറേജുമായി ഗൂഗിൾ ഫോട്ടോസ് എന്ന ആപ്പ് എത്തിയതോടെ ഇനി ഗൂഗിൾ പ്ലസ് ഫോട്ടോസ് എന്ന സെക്‌ഷനുണ്ടാകില്ല.

മാത്രവുമല്ല ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഉപയോഗിക്കാൻ ഇനി ഗൂഗിൾ പ്ലസിൽ അക്കൗണ്ട് വേണമെന്നും നിർബന്ധമാക്കില്ല. ലൊക്കെഷൻ ഷെയറിങ് സൗകര്യവും പ്ലസിനെ വിടുകയാണ്, ഇനിയിത് ഗൂഗിളിന്റെ ഹാങ് ഔട്ടിലും മറ്റ് ആപ്ലിക്കേഷനിലുമായിരിക്കും ലഭ്യമാവുക. താൽപര്യമുള്ള വിഷയങ്ങൾക്കനുസരിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യാനും തരംതിരിച്ചു വായിക്കാനും സഹായിക്കുന്ന ഗൂഗിൾ പ്ലസ് കളക്‌ഷൻസ് എന്ന പുതിയ ഫീച്ചറും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്.

മറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ വേണ്ടി മാത്രമായി ഗൂഗിൾ പ്ലസ് അക്കൗണ്ട് തയാറാക്കേണ്ടി വന്നവരെ സഹായിക്കാനായി പുതിയ ഓപ്ഷനുകൾ വൈകാതെ പുറത്തിറക്കും. ഗൂഗിൾ പ്ലസ് പ്രൊഫൈൽ എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാനും, പ്ലസ് അക്കൗണ്ട് ഇല്ലാതായാൽ പോലും മറ്റു ഗൂഗിൾ സേവനങ്ങൾ ഭംഗിയായി മാനേജ് ചെയ്യാനും സഹായിക്കും വിധമായിരിക്കും ഇത്. നിലവിൽ ഗൂഗിൾ പ്ലസിലുള്ളവർക്ക് ഉള്ളതുകൊണ്ടൊക്കെ തൃപ്തിപ്പെടാം, ഇറങ്ങിപ്പോകേണ്ടവർക്ക് സാവധാനത്തിൽ യാത്ര പറയുകയുമാകാം. എങ്കിലും സോഷ്യല്‍ മീഡിയ രംഗങ്ങളില്‍ വര്‍ധിച്ചുവ്രുന്ന പരസ്യത്തിന്റെ സാന്നിധ്യം മേഖലയില്‍ പുതിയ തന്ത്രവുമായി രംഗത്ത് വരാന്‍ ഗൂഗിളിനെ പ്രേരിപ്പികുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :