അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജനുവരി 2024 (20:14 IST)
ഗൂഗിളിന്റെ ഇന്‍കോഗ്‌നിറ്റോ മോഡില്‍ സ്വകാര്യമായി വിവരങ്ങള്‍ തിരഞ്ഞവരെ ഗൂഗിള്‍ നിരീക്ഷിച്ചതായി പരാതി. ഉപഭോക്താക്കള്‍ ഇന്‍കോഗ്‌നിറ്റോ മോഡില്‍ തിരയുന്ന കാര്യങ്ങള്‍ രഹസ്യമായി വെയ്ക്കും എന്നതാണ് ഇന്‍കോഗ്‌നിറ്റോ മോഡിന്റെ പ്രത്യേകത. എന്നാല്‍ ഉപഭോക്താക്കള്‍ ഇന്‍കോഗ്‌നിറ്റോ മോഡില്‍ തിരയുന്ന വിവരങ്ങള്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് രഹസ്യമായി നിരീക്ഷിച്ചതായാണ് പരാതി.
ലോകമെങ്ങുമുള്ള ഉപഭോക്താക്കളില്‍ നിന്നും വിവരം ചോര്‍ത്തിയതിനാല്‍ തന്നെ 500 കോടി ഡോളര്‍ അഥവ 42,000 കോടി രൂപ ഗൂഗിള്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2020ലായിരുന്നു കേസ് ആരംഭിച്ചത്. നിയമസ്ഥാപനമായ ബോയ്‌സ് ഷില്ലര്‍ ഫ്‌ളെക്‌സ്‌നറാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2016 മുതലുള്ള വിവരങ്ങള്‍ ഗൂഗിള്‍ ചോര്‍ത്തിയതായാണ് പരാതി. 2023 ഓഗസ്റ്റില്‍ കേസ് തള്ളികളയാനുള്ള ഗൂഗിളിന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു. 2024 ഫെബ്രുവരി 5ന് വിചാരണ ആരംഭിക്കാനിരിക്കെ ഗൂഗിള്‍ ഒത്തുതീര്‍പ്പുമായി വന്നിരിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 24നകം അന്തിമ ഒത്തുതീര്‍പ്പ് ഉടമ്പടി ഗൂഗിള്‍ കോടതിയില്‍ ഹാജരാക്കിയേക്കും.