Last Updated:
ബുധന്‍, 14 ഡിസംബര്‍ 2016 (12:25 IST)
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിന്
വലിയ സാങ്കേതിക പരിജ്ഞാനത്തിന്റെ ആവശ്യമില്ലെന്നും വളരെ ലളിതമായതും ആർക്കും എളുപ്പത്തിൽ ചെയ്യാനാവുന്നതുമാണെന്നും നഗരത്തിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ശ്രീ
രഞ്ജിത്ത് കാർത്തികേയൻ അഭിപ്രായപ്പെട്ടു. അത്യാവശ്യം ഫോണിൽ വാട്സ്ആപ്പ് പോലുള്ള ആപ്പ്ളിക്കേഷനുകൾ നമ്മുടെ നാട്ടിൽ
വലിയൊരു
വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഇവരൊന്നും ഉന്നത വിദ്യാഭ്യാസമോ ബിരുദങ്ങളോ നേടിയിട്ടുള്ള ആളുകളല്ല. അതിനു സാമാന്യ
വിദ്യാഭ്യാസം മാത്രം മതി. ഇത് സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിലും അവരെ അത്തരത്തിൽ ബോധവൽക്കരിക്കുന്നതിലും ടെക്‌നോപാർക് പോലുള്ള സ്ഥലങ്ങളിൽ
ജോലി ചെയ്യുന്ന 'ടെക്കീസി'ന്
വലിയ പങ്കു വഹിക്കുവാൻ സാധിക്കും.
ഏകദേശം അൻപത്തി മൂവായിരം ആളുകൾ ജോലിചെയ്യുന്ന ടെക്‌നോപാർക്കിൽ കേരളത്തിന്റെയും, ഇന്ത്യയുടെ തന്നെയും, വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ ഉദ്യോഗസ്ഥരായിട്ടുണ്ട്. നിങ്ങളോരോരുത്തരും നിങ്ങളുടെ അയൽപക്കത്തുള്ള 10 പേർക്ക് ഡിജിറ്റലായി പണം കൈമാറുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ചു കൊടുത്താൽ
അത് തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കും. അത് കൊണ്ട് സമയം പാഴാക്കാതെ യുവജനങ്ങൾ സ്വന്തം വീട്ടിൽ
നിന്ന് തുടങ്ങി
ക്രമേണ തങ്ങൾക്കറിയാവുന്ന 10 പേർക്ക് ഇത് പഠിപ്പിച്ചു കൊടുത്താൽ സാമാന്യ ജനങ്ങൾക്ക് ഇതേക്കുറിച്ചുള്ള ഭയാശങ്കകൾ ഒരു പരിധി വരെ ദുരീകരിക്കുവാനാകും.
ഇക്കഴിഞ്ഞ ദിവസം ടെക്നൊപാർക്കിൽ നടന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കവെ ആണ് ശ്രീ രഞ്ജിത്ത് കാർത്തികേയൻ ടെക്കികളുമായി തന്റെ കാഴ്ചപ്പാടുകൾ പങ്കു വച്ചത്. ടെക്‌നോപാർക്കിനെ
ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ പേയ്‌മെന്റ് അധിഷ്‌ഠിത ക്യാംപസ് ആക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാർ സംഘടിപ്പിച്ചത്
ടെക്‌നോപാർക്കും ജീവനക്കാരുടെ സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിളും ചേർന്നാണ്. ടെക്‌നോപാർക് സി.ഇ.ഒ. ഋഷികേശ് നായർ ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ എസ്.ബി.ടി. ജനറൽ മാനേജർ വെങ്കിട്ടരാമൻ, പേ ടി എം പ്രതിനിധി കിരൺ ഭാസ്, എച്ച് .ഡി.എഫ്. സി. ബാങ്ക് പ്രതിനിധി പ്രവീൺ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ടെക്നോപാർക്കിലെ വ്യാപാരികളെല്ലാം കറൻസി രഹിത പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കണമെന്നും പാർക്ക് അധികൃതർ അതിനു വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഋഷികേശ് നായർ അറിയിച്ചു. അടുത്ത പടിയായി പാർക്കിലെ കച്ചവടക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഇടപാടുകളെല്ലാം മുഖ്യമായും ക്യാഷ്‌ലെസ്സ് ആക്കി മാറ്റുക എന്നതാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിടുന്നത്.