സ്വകാര്യതാ ലംഘനം, ഓൺലൈൻ തട്ടിപ്പ്, തെറ്റായ വിവരങ്ങളുടെ പ്രചാരണം, ചാറ്റ് ജിപിടിയ്ക്ക് പൂട്ടിട്ട് ഇറ്റലി

chat gpt
അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (09:45 IST)
ചാറ്റ് ജിപിടി ചാറ്റ് ബോട്ട് നിരോധിച്ച് ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയുടെ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതിനാൽ ഉടൻ ആപ്പ് നിരോധിക്കുകയാണെന്ന് ഇറ്റാലിയൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. തെറ്റായ വിവരങ്ങളുടെയും പക്ഷപാതത്തിൻ്റെയും വ്യാപനം ഉൾപ്പടെ വ്യക്തിഗതമായ വിവരങ്ങൾ ശേഖരിക്കുന്നതും പ്രായപൂർത്തിയാകാത്തവർക്ക് അനുയോജ്യമല്ലാത്ത വിവരങ്ങൾ നൽകുന്നതും അധികൃതർ ചൂണ്ടികാട്ടുന്നു.

ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വിശദീകരണം നൽകാൻ ചാറ്റ് ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺ എഐയ്ക്ക് 20 ദിവസത്തെ സമയമാണ് ഇറ്റാലിയൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി നൽകിയിരിക്കുന്നത്. എല്ലാ തരത്തിലുള്ള സ്വകാര്യത നിയമങ്ങളും പാലിക്കുന്നതായി ഓപ്പൺ എഐ ഇതിനോട് പ്രതികരിച്ചു. അതേസമയം അയർലൻഡിലും ചാറ്റ് ജിപിടിക്കെതിരെ സമാനമായ നിരോധന നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് ഓപ്പൺ എഐ ചാറ്റ് ജിപിടി 3.5 ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ഇതിൻ്റെ പരിഷ്കരിച്ച പതിപ്പായ ചാറ്റ് ജിപിടി 4ഉം കമ്പനി അവതരിപ്പിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :