അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ജനുവരി 2026 (18:26 IST)
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിനെ വെല്ലുവിളിച്ച് പുതിയ നീക്കവുമായി ജെഫ് ബെസോസിന്റെ ബ്ലൂ ഓറിജിന്‍. 'ടെറാവേവ്' എന്ന പേരില്‍ 5,408 സാറ്റലൈറ്റുകളുള്ള അതിവേഗ ആശയവിനിമയ ശൃംഖല വിന്യസിക്കാനാണ് പദ്ധതി. 2027 അവസാനത്തോടെ ഇതിനായുള്ള വിക്ഷേപണം തുടങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഭൂമിയിലെ ഏത് സ്ഥലത്തും സെക്കന്‍ഡില്‍ 6 ടെറാബിറ്റ് (Tbps) വരെ വേഗതയില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള കഴിവാണ് ടെറാവേവിന്റെ പ്രത്യേകത.സ്റ്റാര്‍ലിങ്ക് നിലവില്‍ 400 Mbps വേഗത നല്‍കുമ്പോള്‍, ടെറാവേവ് അതിനെക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വേഗതയുള്ളതായിരിക്കും. നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ 9,000ത്തിലധികം ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. ഏകദേശം 9 മില്യണ്‍ ഉപഭോക്താക്കളാണ് സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കുന്നത്.
എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍, ഡാറ്റാ സെന്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെയാണ് ബ്ലൂ ഓറിജിന്‍ ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധിയുടെ (AI) വളര്‍ച്ചയോടെ വര്‍ദ്ധിക്കുന്ന ഡാറ്റാ പ്രോസസിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ നെറ്റ്വര്‍ക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 5,280 സാറ്റലൈറ്റുകള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലും (LEO) 128 എണ്ണം മീഡിയം എര്‍ത്ത് ഓര്‍ബിറ്റിലും (MEO) സ്ഥാപിക്കും. LEO സാറ്റലൈറ്റുകള്‍ റേഡിയോ ഫ്രീക്വന്‍സി കണക്റ്റിവിറ്റി ഉപയോഗിച്ച് സെക്കന്‍ഡില്‍ 144 ഗിഗാബിറ്റ് വേഗത നല്‍കുമ്പോള്‍, MEO സാറ്റലൈറ്റുകളിലെ ഒപ്റ്റിക്കല്‍ ലിങ്കുകള്‍ 6 Tbps എന്ന അസാധാരണ വേഗത കൈവരിക്കും.
ബ്ലൂ ഓറിജിന്റെ ഈ നീക്കം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയില്‍ സ്‌പേസ് എക്സിന്റെ കുത്തകയെ വെല്ലുവിളിക്കുന്നതാണ്. 10,000-ത്തോളം സാറ്റലൈറ്റുകളും 90 ലക്ഷം ഉപഭോക്താക്കളുമുള്ള സ്റ്റാര്‍ലിങ്ക് നിലവില്‍ വിപണിയില്‍ വളരെയേറെ മുന്നിലാണ്. എന്നാല്‍ അമേസോണിന്റെ 'ലിയോ' (മുന്‍ പേര് പ്രൊജക്റ്റ് കൈപ്പര്‍) നെറ്റ്വര്‍ക്കും 3,200 സാറ്റലൈറ്റുകളുമായി രംഗത്തുണ്ട്. ബെസോസിന്റെ രണ്ട് കമ്പനികളും - ബ്ലൂ ഓറിജിനും അമേസോണും - വ്യത്യസ്ത വിപണികളെ ലക്ഷ്യമിടുന്നതാണ്. ഇത് വഴി സ്‌പേസ് എക്‌സിന് വലിയ വെല്ലുവിളിയാകും ബ്ലൂ ഒറിജിന്‍ ഉയര്‍ത്തുക.