രാഹുൽ ഗാന്ധിക്ക് പിന്നാലെ അഞ്ച് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (14:36 IST)
രാഹുൽ ഗാന്ധിക്ക് പുറമെ അഞ്ച് നേതാക്കളുടെ അക്കൗണ്ടുകൾ കൂടി ലോക്ക് ചെയ്‌തതായി കോൺഗ്രസ്. കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ,അജയ് മാക്കൻ, ലോകസഭ വിപ്പ് മാണിക്കം ടാഗോർ,സുഷ്‌മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റർ ലോക്ക് ചെയ്‌തത്.

ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തിരിക്കുന്നത്. അതേസമയം നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിയ ട്വിറ്റർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കോൺ‌ഗ്രസ് നേതാവ് പ്രണവ് ദ്ധാ ട്വീറ്റ് ചെ‌യ്‌തു.ട്വിറ്റർ അക്കൗണ്ട് പൂട്ടിയാൽ പോരാടുന്നതിൽ നിന്ന് പിന്തിരിയുമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്വിറ്ററിന്റെ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായ 9 വയസുകാരിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചതിനായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അകൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്‌തതായി ട്വിറ്റർ ഡൽഹി കോടതിയെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :