യൂട്യൂബില്‍ ഇപ്പോള്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ താരം ഒരു നായയാണ്. കടലിലെ വമ്പനായ സ്രാവിനെ കടിച്ചു എന്ന ധീരപരിവേഷമാണ് നായയുടെ പ്രശസ്തിക്ക് കാരണമായത്. ഓസ്ട്രേലിയന്‍ കടല്‍തീരത്തായിരുന്നു ആക്രമണം അരങ്ങേറിയത്.
പശ്ചിമ ഓസ്ട്രേലിയയിലെ ബ്രൂം കടല്തീരത്തിനരികിലൂടെ സഞ്ചരിക്കുകയായിരുന്നു സ്രാവുകള്‍. മറുവശത്ത് നിന്ന് രണ്ട് നായകള്‍ ഇവയുടെ അടുത്തേക്ക് നീന്തി വരുന്നുണ്ടായിരുന്നു. ദാ, നായകളുടെ കഥ കഴിഞ്ഞു എന്ന് ആരും ഒന്ന് ചിന്തിച്ചു പോകും. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അതില്‍ ഒരു നായ വെള്ളത്തില്‍ മുങ്ങി സ്രാവിനെ കടിക്കുകയായിരുന്നു. നോക്കണേ ധൈര്യം! തീര്‍ന്നില്ല, കടി കഴിഞ്ഞ് ഈ നായകള്‍ രണ്ടും സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സ്രാവുകള്‍ ആകട്ടെ തിരിച്ച് ഒന്നും ചെയ്യാതെ സ്ഥലം വിടുകയും ചെയ്തു.
ഒരാഴ്ച്ചയ്ക്കിടെ 35 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ജൂണ്‍ എട്ടിനാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. പെര്‍ത്തിലെ നിര്‍മാണ തൊഴിലാളിയാണ് ഇത് അപ്ലോഡ് ചെയ്തത്.