സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ചില ‘എറ്റിക്വിറ്റികള്‍’ പാലിക്കണം എന്നുള്ളതിന് ഇതാ മറ്റൊരു ഉദാഹരണം കൂടി. രാജിക്കത്ത് നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന വനിതാ മേധാവിയെ ഫേസ്‌ബുക്കില്‍ തെറിവിളിച്ച് പ്രതികാരം ചെയ്ത പ്രൊജക്റ്റ് അസോസിയേറ്റായ ആര്യമാന്‍ റോയിയാണ് അകത്തായത്. ഏതോ അജ്ഞാതനില്‍ നിന്ന് ഫേസ്‌ബുക്കിലെ പ്രൊഫൈലില്‍ തെറിയഭിഷേകവും ഫോണിലൂടെയുള്ള എസ്‌എംഎസ് അസഭ്യവും സഹിക്കവയ്യാതെ ആയപ്പോഴാണ് ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി നോക്കുന്ന യുവതി പൊലീസിനെ സമീപിച്ചത്.
“ആദ്യമൊക്കെ ഈ യുവതി തെറിവിളി അവഗണിക്കുകയായിരുന്നു. എന്നാല്‍ അവഗണിക്കുന്തോറും ഫേസ്‌ബുക്കിലൂടെയും ഫേസ്‌ബുക്കിലൂടെയും ഉള്ള തെറിവിളി കൂടിക്കൂടി വന്നപ്പോഴാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഞങ്ങള്‍ ഫേസ്‌ബുക്കിന് അജ്ഞാതന്റെ ഐപി ലൊക്കേറ്റ് ചെയ്തുതരാന്‍ ആവശ്യപ്പെട്ട് എഴുതി. അവരുടന്‍ തന്നെ ഇയാളുടെ ഐപി നമ്പറും മറ്റ് വിവരങ്ങളും ഞങ്ങള്‍ക്ക് കൈമാറി. ഒപ്പം തന്നെ അജ്ഞാതന്‍ ഉപയോഗിക്കുന്ന മൊബൈലിന്റെ ടവര്‍ ലൊക്കേഷനും ഞങ്ങള്‍ കണ്ടെത്തി. ഇയാളുടെ ബോസ് ആയ പരാതിക്കാരി ഇയാള്‍ സമര്‍പ്പിച്ച രാജി സ്വീകരിക്കാത്തതാണ് തെറിയഭിഷേകത്തിന് വഴിവച്ചത്” - കൊല്‍ക്കൊത്ത സൈബര്‍ പൊലീസ് പറഞ്ഞു.
ഒരു പ്രൊജക്റ്റ് കൊണ്ടുപിടിച്ച് നടക്കുന്നതിന് ഇടയിലാണ് റോയി തന്റെ പ്രൊജക്റ്റ് ഹെഡ് ആയ യുവതിക്ക് രാജി അറിയിച്ചുകൊണ്ട് മെയില്‍ അയച്ചത്. മുന്‍കൂട്ടി അറിയിക്കാതെ രാജി സമര്‍പ്പിക്കാന്‍ പറ്റില്ലെന്നും പ്രൊജക്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് കൊണ്ട് ഇപ്പോള്‍ രാജി അനുവദിക്കാന്‍ ആകില്ലെന്നും പ്രൊജക്റ്റ് ഹെഡ് മറുപടിയും നല്‍കി. പിരിഞ്ഞുപോകുന്നില്ലെങ്കില്‍ ശമ്പളം കൂട്ടിത്തരാമെന്നും റോയിയോട് യുവതി വാഗ്ദാനം ചെയ്തു. എന്നാല്‍, പ്രോജക്റ്റ് അവസാച്ചയുടന്‍ തന്നെ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് റോയി ജോലി രാജിവച്ചു.
ജോലി രാജിവച്ചെങ്കിലും റോയിക്ക് നല്ലൊരു ജോലി കണ്ടെത്താന്‍ ആയില്ല. നല്ലൊരു ഓഫര്‍ കയ്യില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ രാജി വയ്ക്കാന്‍ സമ്മതിക്കാതിരുന്ന ബോസിനെതിരെ റോയിക്ക് ദ്വേഷ്യം തോന്നി. തുടര്‍ന്നാണ് റോയി ഒരു പുതിയ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് ബോസിനെ തെറിവിളിക്കാന്‍ തുടങ്ങുകയും ചെയ്തത്. ബോസിനെ എസ്‌എംഎസ് അഭിഷേകം നടത്താന്‍ പുതിയൊരു സിമ്മും കക്ഷി വാങ്ങിയിരുന്നു. സഹോദരിയുടെ ഫോണില്‍ ഈ പുതിയ സിമ്മിട്ടാണ് ബോസിനെ റോയി തെറി വിളിച്ചിരുന്നത്.