ജപ്പാനില്‍ വെള്ളിയാഴ്ച കാലത്തുണ്ടായ സുനാമിയില്‍ കാണാതായവരെ കണ്ടെത്താന്‍ ഗൂഗിള്‍ സഹായിക്കും. സുനാമിയില്‍ കാണാതായവരെ ‘ട്രേസ്’ ചെയ്ത് കണ്ടെത്തുന്നതിനുള്ള ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ റിലീസ് ചെയ്തു. ആരൊക്കെയാണ് കാണാതായിരിക്കുന്നത് എന്നും അവര്‍ എവിടെയാണ് ഉള്ളതെന്നും ഉള്ള വിവരങ്ങള്‍ അടങ്ങിയ ഈ ആപ്ലിക്കേഷന്‍ ഇംഗ്ലീഷിലും ജപ്പാനീസ് ഭാഷയിലും ലഭ്യമാണ്.
പ്രകൃതി ദുരന്തത്തില്‍ പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരങ്ങള്‍ പങ്കുവയ്ക്കാനും വിവരങ്ങള്‍ തെരയാനുമുള്ള മെസ്സേജ് ബോര്‍ഡും രജിസ്ട്രിയുമാണ് ഈ ആപ്ലിക്കേഷന്‍. ആയിരങ്ങള്‍ കൊല്ലപ്പെട്ട ഹെയ്തി ഭൂകമ്പത്തിന് (2010) ശേഷം ഗൂഗിളിലെ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണിത്. കത്രീന കൊടുങ്കാറ്റ് ഉണ്ടായപ്പോള്‍ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ വികസിപ്പിച്ച പീപ്പിള്‍ ഫൈന്‍ഡര്‍ ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റാണ് (PFIF) ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുന്നത്.
ജപ്പാന് സുനാമിയില്‍ കാണാതായവരെയും അവരുടെ ബന്ധുക്കളെയും സഹായിക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗുകള്‍ക്കും വെബ്സൈറ്റുകളും ഗൂഗിളിന്റെ പേഴ്സണ്‍ ഫൈന്‍ഡര്‍ എന്ന വിഡ്ജറ്റ് വെബ്പേജുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ‘ഞാന്‍ ഇന്നയാളെ തിരയുന്നു’, ‘എന്റെ കയ്യില്‍ ഇന്നയാളെ പറ്റിയുള്ള വിവരമുണ്ട്’ എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ ഈ വിഡ്ജറ്റില്‍ ഉണ്ടായിരിക്കും. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആളുകള്‍ക്ക് വിവരം പേഴ്സണ്‍ ഫൈന്‍ഡറിലേക്ക് നല്‍കാനാകും.
ടോക്കിയോ നഗരത്തിന് 400 കിലോമീറ്റര്‍ അകലെ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന് നഗരങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സുനാമിയില്‍ നൂറുകണക്കിന് ആളുകള്‍ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. മുപ്പതോളം പേര് കൊല്ലപ്പെട്ടുവെന്ന ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും എത്രയോ മടങ്ങാകാന്‍ സാധ്യതയുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഈയൊരു സാഹചര്യത്തില്‍ ഗൂഗിളിന്റെ ‘ടെക്നോളജി’ സഹായം ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ്.